തൃശൂർ: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകള്‍ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹ്‌മാൻ. ഡിസംബർ 18 ന് ന്യൂനപക്ഷ കമ്മീഷൻ തൃശൂരില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടില്‍ 284 ശിപാർശകളാണ് ഉള്ളതെന്നു മന്ത്രി
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാനാണു ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ രൂപവത്കരിച്ചത്. റിപ്പോർട്ടില്‍ 284 ശിപാർശകളാണ് ഉള്ളതെന്നു മന്ത്രി പറഞ്ഞു. ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സിറില്‍ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മേയർ എം.കെ. വർഗീസ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ പങ്കെടുത്തു