കൊച്ചി: ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ ബാവായാകും. മലേക്കുരിശ് ദയറായില്‍ പാത്രിയാർക്കിസ് ബാവയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടൻ വാഴിക്കും. നിലവില്‍ മലങ്കര മെത്രാപ്പൊലീത്തയാണ് ഗ്രിഗോറിയോസ്.
കാതോലിക്കയായി വാഴിക്കുന്നതിന്റെ ഔദ്യോഗിക തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
ശ്രേഷ്ഠ ബസിലിയോസ് തോമസ് കത്തോലിക്കാ ബാവയുടെ വില്പത്രത്തില് തന്റെ പിൻഗാമിയായി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു. അവയുടെ ഔദ്യോഗികമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഡിസംബർ 8 ന് പാത്രിയർകീസ് ബാവ എല്ലാ മെത്രാപ്പോലീത്തമാരെയും കാണുന്നുണ്ട്. ഇനി കാതോലിക്കയായി ജോസഫ് മോർ ഗ്രിഗോറിയോസിനെ എന്ന് വാഴിക്കുമെന്നതിന്റെ ഔദ്യോഗിക തിയ്യതിയാണ് അറിയേണ്ടത്.
സമാധാന സന്ദേശമുയർത്തിപ്പിടിച്ച് സഭാ തലപ്പത്തേയ്ക്ക്
സഭക്ക് ഏറെ വെല്ലുവിളികളുള്ള കാലത്താണ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണമെന്നും പാത്രിയാർക്കിസ് ബാവ പറഞ്ഞു. പള്ളിത്തർക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയ ചർച്ചയായിരിക്കുന്ന സമയത്ത് സമാധാന സന്ദേശമുയർത്തിപ്പിടിച്ചാണ് ജോസഫ് മാർ ഗ്രിഗോറിയോസ് കാതോലിക്ക സഭയുടെ നാഥനാകാനൊരുങ്ങുന്നത്.
