കൊച്ചി: കേസിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നവരെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രമസമാധാനപാലനത്തിന്റെ പേരിലുള്ള സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. നിലമ്പൂർ മുൻ എസ്.ഐ സി. അലവി തനിക്കെതിരെ നിലമ്പൂർ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. കേസില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് സംഭവമെന്ന വാദം ഹൈക്കോടതി തള്ളി
ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കണമെങ്കില്‍ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് എസ്.ഐ വാദിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് പരാതിക്കിടയാക്കിയ സംഭവമെന്നും പറഞ്ഞു. ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി
ചോദ്യം ചെയ്യുന്നതിനിടെ എസ്.ഐ അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നുമാണ് പരാതി
പൊതുമദ്ധ്യത്തില്‍ അപമാനിച്ചെന്നാരോപിച്ച് എടക്കര സ്വദേശി അനീഷ്‌കുമാറിനെതിരെ 2008ല്‍ ഒരു വനിത പരാതി നല്‍കിയിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അനീഷിനെ ഏറെനേരം കാത്തുനിർത്തിയെന്നും ചോദ്യം ചെയ്യുന്നതിനിടെ എസ്.ഐ അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നുമാണ് പരാതി. നെഞ്ചിലിടിക്കുകയും ചവിട്ടുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തു. അതേ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയും അനീഷിന്റെ സഹോദരിയുമായ നിഷ മർദ്ദനം തടയാൻ ശ്രമിച്ചിരുന്നു. ഗർഭിണിയായ നിഷയെയും എസ്.ഐ മർദ്ദിച്ചെന്നാണ് ആരോപണം. ഇവരുടെ മെഡിക്കല്‍ റിപ്പോർട്ടുകളില്‍ പരിക്കുകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
അനീഷിനെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് പിന്നീട് ഡിവൈ.എസ്.പിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. തുടർന്ന് അനീഷ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് എസ്.ഐക്കെതിരെ കേസെടുത്തത്.
