ഡല്‍ഹി: കേരളത്തില്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതി. ആവശ്യമായ ഭൂമിക്ക് 2100 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടും നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് കേന്ദ്ര റയില്‍വേ മന്ത്രിയുടെ ഇടപെടല്‍.
കേരളത്തിലെ ഭൂരിഭാഗം പദ്ധതികളും നിശ്ചലാവസ്ഥയിലാണ്.
റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് 12,350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ പുരോഗമിക്കുന്നതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 2024-25ല്‍ എക്കാലത്തെയും ഉയർന്ന ബജറ്റ് വിഹിതമായ 3,011 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ ആവശ്യമായ ഭൂമി ലഭിക്കാത്തതിനാല്‍ കേരളത്തിലെ ഭൂരിഭാഗം പദ്ധതികളും നിശ്ചലാവസ്ഥയിലാണെന്ന് മന്ത്രി പറഞ്ഞു
2,100 കോടിയിലധികം രൂപ മുൻകൂറായി നല്‍കി
കേരളത്തിലെ റെയില്‍വേ വികസനത്തിന് 470 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഇതിന് മുൻകൂറായി 2,100 കോടിയിലധികം രൂപ നല്‍കിയിട്ടും 64 ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. ഭൂരിഭാഗം പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ലഭിക്കാത്തത് മൂലം വൈകുന്ന നാല് പ്രധാന പദ്ധതികളെ കുറിച്ചും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി