ഇംഫാല്‍: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അർധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫില്‍ നിന്ന് 35 യൂണിറ്റും ബിഎസ്‌എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാൻ സേനയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നല്‍കി.
കേന്ദ്ര സേനയെ കൂടാതെ സൈന്യവും അസം റൈഫിള്‍സും സംസ്ഥാനത്തുണ്ട്.
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്. 2024 നവംബർ 12-ന് അർധസൈനിക വിഭാഗങ്ങളില്‍ നിന്ന് 2500 പേരെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് വിവിധ സേനാ വിഭാഗങ്ങളിലായി 218 കമ്പനികള്‍ മണിപ്പുരിലുണ്ട്. കൂടാതെ, സൈന്യവും അസം റൈഫിള്‍സും സംസ്ഥാനത്തുണ്ട്.
കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു
ജിരിബാമില്‍നിന്ന് കലാപകാരികള്‍ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുർ സംഘർഷഭരിതമായത്. കാണാതായ ഒരാളുടെ മൃതദേഹംകൂടി കച്ചാർ ജില്ലയിലെ ബരാക് നദിയില്‍നിന്ന് നേരത്തെ കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്കാരം നടത്താൻ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.
പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് എൻഡിഎ
അതേസമയം മണിപ്പൂരിലെ കലാപം സമാധാനപരമായി പരിഹരിക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് എൻഡിഎ സംഖ്യകക്ഷിയായ എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആവർത്തിക്കുന്ന കലാപങ്ങളില്‍ പ്രതിഷേധിച്ച് എൻപിപി ഞായറാഴ്ച ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.