ഇസ്രയേല്‍ വനിതയെ അധിക്ഷേപിച്ച സംഭവത്തിൽ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തു

കുമളി: തേക്കടി ജംഗ്ഷനില്‍ കാഷ്മീർ സ്വദേശികള്‍ നടത്തുന്ന കരകൗശല വില്‍പന കേന്ദ്രത്തില്‍ ഇസ്രയേല്‍ സ്വദേശിയായ വനിതയെ പൗരത്വത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തശേഷം വിട്ടയച്ചു. 2024 നവംബർ 13 ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയ വനിതയെ ഇസ്രയേല്‍കാരിയാണെന്നതിന്‍റെ പേരില്‍ കടയില്‍നിന്ന് ഇറക്കിവിട്ടത്. ഇസ്രയേല്‍ സ്വദേശിയായ വനിത കാള്‍ നിറ്റ് (53) ഇവരുടെ ഭർത്താവ് ജർമൻ സ്വദേശി ഓഡിസ് (51 )എന്നിവർ തേക്കടി സന്ദർശനത്തിനെത്തിയ തായിരുന്നു.

ഫയാസിന്‍റെ സഹോദരൻ മുഹമ്മദ് ഷാഫി സഞ്ചാരികളോട് മാപ്പ് പറഞ്ഞു.

തേക്കടി റോഡില്‍ ഫുട്പാത്തിലൂടെ നടന്നു പോയ ദമ്പതികളെ കാഷ്മീരി യുവാവ് ഫയാസ് അഹമ്മദ് റാഥർ കടയിലേക്ക് ക്ഷണിച്ചു കയറ്റുകയായിരുന്നു. കാള്‍നിറ്റ് (53) മാത്രമാണ് കടയില്‍ കയറിയത്. വാങ്ങേണ്ട സാധനങ്ങള്‍ കാള്‍നിറ്റ് ഇസ്രയേലിലുള്ള മകളെ വീഡിയോ കോളില്‍ കാണിക്കവേ കടയിലെ ജീവനക്കാരനായ ഫയാസ് സ്ത്രീയുടെ പൗരത്വം മനസിലാക്കി. ഇതോടെ കടയിലെ ലൈറ്റ് അണച്ച്‌ ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ ഇവരുടെ ഡ്രൈവർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ വിവരമറിയിച്ചു. സംഘടനാ ഭാരവാഹികള്‍ ഇടപെട്ടതോടെ സമീപത്തെ കരകൗശല വില്‍പന ശാലയില്‍ ജോലി ചെയ്യുന്ന ഫയാസിന്‍റെ സഹോദരൻ മുഹമ്മദ് ഷാഫി സഞ്ചാരികളോട് മാപ്പ് പറഞ്ഞു.

ജീവനക്കാരനെ കുമളിയില്‍നിന്നു നീക്കാനും കട അടച്ചിടാനും വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു

സഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ കടയിലെ ജീവനക്കാരനെ കുമളിയില്‍നിന്നു നീക്കാനും കട അടച്ചിടാനും വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി യൂണിറ്റ് പ്രസിഡന്‍റ് മജോ കാരിമുട്ടം അറിയിച്ചു. കാഷ്മീരി യുവാവ് മുൻപും ഇത്തരത്തില്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കിയതായും പറയപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതിയില്‍ കുമളി പോലീസ് കട ഉടമയെയും ജീവനക്കാര നെയും വിളിച്ചു വരുത്തി താക്കിത് നല്‍കി വിട്ടയച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →