തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ നിരപരാധിയാണെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ വാദം പൂർണ്ണമായും തെറ്റാണ്.41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാൻ നിർദ്ദേശിച്ചത് കെ സുരേന്ദ്രൻ ആണെന്നും കേരള പോലീസിൻ്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണ്. എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി , കൊടകര കുഴല്‍പ്പണ കേസില്‍ പൂർണ്ണ നിശബ്ദത പാലിച്ചവെന്നും അന്വേഷണത്തിനായി സമ്മർദ്ധം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ലെന്നും വിഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു.
അന്വേഷണം പ്രഹസനമായി
തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിന് മുൻപ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നു. സി പി എം- ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിൻ്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായി. പരസ്പര സഹായ സഹകരണ സംഘമായി സി പി എമ്മും ബി ജെ പിയും പ്രവർത്തിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.
പരോക്ഷമായ ആരോപണം ഉന്നയിച്ച് ശോഭ സുരേന്ദ്രൻ
പിണറായി വിജയന് കേരള ബി ജെ പി യില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിൻ്റെ തെളിവാണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ്റെ ഇന്നത്തെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നതെന്നും സതീശൻ വിമർശിച്ചു. ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയൻ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബി ജെ പി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നത്.
സി പി എം-ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രൻ്റെ വാക്കുകള്‍. ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും വി ഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു