.വത്തിക്കാൻ: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കുനേരേ കണ്ണടയ്ക്കാതെ ലോകത്തിന്‍റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ.ഇന്നത്തെ സ്ത്രീ-പുരുഷന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങള്‍, നമ്മുടെ കാലത്തെ വെല്ലുവിളികള്‍, സുവിശേഷവത്കരണത്തിന്‍റെ അനിവാര്യത, മനുഷ്യരാശിയെ ബാധിക്കുന്ന അനേകം മുറിവുകള്‍ എന്നിവയ്ക്കു മുമ്പില്‍ സഭയ്ക്ക് നിഷ്ക്രിയമായി തുടരാനാകില്ല. നമുക്കു വേണ്ടത് ഉദാസീനമായ ഒരു സഭയല്ല, മറിച്ച് കർമനിരതയായ സഭയാണെന്നും അദ്േഹം പറഞ്ഞു.
ഒരു നിശ്ചല സഭയല്ല വേണ്ടത്,
സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച് 2024 ഒക്ടോബർ 27 ന് വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാർപാപ്പ. നിശബ്‌ദമായ സഭയല്ല, മാനവികതയുടെ നിലവിളി ഉള്‍ക്കൊള്ളുന്ന സഭയാണു വേണ്ടത്. അന്ധയായ സഭയല്ല, മറിച്ച് ക്രിസ്തുവിനാല്‍ പ്രകാശിതമായ സഭയാണു വേണ്ടത്. അതു മറ്റുള്ളവരെ പ്രോജ്വലിപ്പിക്കുന്നു. ഒരു നിശ്ചല സഭയല്ല വേണ്ടത്, മറിച്ച് ലോകത്തിന്‍റെ തെരുവുകളിലൂടെ തന്‍റെ കർത്താവിനോടൊപ്പം നടക്കുന്ന മിഷനറി സഭയാണു വേണ്ടത്-മാർപാപ്പ പറഞ്ഞു.
ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കർമനിരതമായിരിക്കണം
ഒരു സിനഡല്‍ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കർമനിരതമായിരിക്കണം. നമുക്കു വേണ്ടത് ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച് ലോകത്തിന്‍റെ നിലവിളി കേള്‍ക്കുകയും കർത്താവിനെ സേവിക്കുന്നതില്‍ കൈകളില്‍ ചെളി പുരളാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു സഭയാണ്. സിനഡ് തയാറാക്കിയ സമാപന രേഖ ദൈവജനത്തിനുള്ള സമ്മാനമാണെന്നു ശനിയാഴ്ച വൈകുന്നേരം സിനഡ് അസംബ്ലിയെ അഭിസംബോധന ചെയ്യവെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കേവലം വാക്കുകളിലൂടെ മാത്രമല്ല, ഓരോ പ്രവൃത്തിയിലൂടെയും ഇടപെടലിലൂടെയും സുവിശേഷത്തെ ഉള്‍ക്കൊള്ളുന്ന ഒരു “സിനഡല്‍ സഭ”യിലേക്കുള്ള പാത ഇത് വെളിപ്പെടുത്തുന്നു.
സഭയുടെ മാർഗനിർദേശമായും ഐക്യത്തിന്‍റെയും ദൗത്യത്തിന്‍റെയും പ്രതീകമായും വർത്തിക്കുന്ന, ബഹുമുഖ മാനങ്ങളുള്ള ഒരു സമ്മാനമാണ് ഈ രേഖയെന്നും മാർപാപ്പ പറഞ്ഞു.
സ്ത്രീകളുടെ കൂടുതല്‍ നേതൃത്വപരമായ പങ്ക്,
സിനഡില്‍ പങ്കെടുത്ത എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു. .രണ്ടു ഘട്ടമായി നടന്ന സിനഡിന്‍റെ വിചിന്തനങ്ങള്‍ ക്രോഡീകരിച്ച് ഇന്നലെ സമാപന രേഖ പുറത്തിറക്കി. സഭയുടെ നവീകരണത്തിനുള്ള ശിപാർശകള്‍, സ്ത്രീകളുടെ കൂടുതല്‍ നേതൃത്വപരമായ പങ്ക്, തീരുമാനമെടുക്കുന്നതില്‍ അല്മായർക്ക് കൂടുതല്‍ പങ്കാളിത്തം, ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കുന്നതാണ് 52 പേജ് വരുന്ന സമാപനരേഖ
