ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന് അധികൃതർ അറിയിച്ചു.2024 ഒക്ടോബർ 24 വ്യാഴാഴ്ച രാത്രിയിലാണ് വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ഡാന കര തൊട്ടത്.
400ലധികം ട്രെയിനുകള്‍ റദ്ദാക്കി.
ഭദ്രക്, കേന്ദ്രപാര, ബാസോർ, ജഗത്സിംഗ്പൂർ ജില്ലകളില്‍ 110 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശി. അതിശക്തമായ മഴ തുടരുകയാണ്. ക്രമേണ ഡാന ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. നിറുത്തിവച്ചിരുന്ന ബംഗാളിലെയും ഭുവനേശ്വറിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം 25ന് രാവിലെയോടെ പുനരാരംഭിച്ചു. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. 400ലധികം ട്രെയിനുകള്‍ റദ്ദാക്കി.
ഇരു സംസ്ഥാനങ്ങളുടെയും സാഹചര്യം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തിക്കുന്നുണ്ട്. ദേശീയ -സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കല്‍ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്