ദിവ്യക്കെതിരായ സിപിഎം നടപടി തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥനെക്കുറിച്ച്‌ ദിവ്യ മോശമായി സംസാരിച്ചപ്പോള്‍ ഇതു നിർത്തണമെന്നും അതിനുള്ള വേദിയല്ല ഇതെന്നും കളക്ടര്‍ പറയണമായിരുന്നു. രാവിലെ നിശ്ചയിച്ച പരിപാടി എന്തിനാണു കളക്ടര്‍ ഉച്ചകഴിഞ്ഞത്തേക്കു മാറ്റിയത്. പാര്‍ട്ടിയുടെ ഏതു നേതാവാണ് ഇതിനുവേണ്ടി ഇടപെട്ടത്. കളക്ടര്‍ നടത്തിയതും ശരിയായ കാര്യമല്ലെന്നും, ദിവ്യക്കെതിരായ സിപിഎം നടപടി തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമാണെന്നും സതീശന്‍ പറഞ്ഞു.

ഇതു തങ്ങളുടെ ആഭ്യന്തരപരിപാടിയാണെന്നു പറയേണ്ട ഉത്തരവാദിത്വം കളക്ടർക്കുണ്ടായിരുന്നു.

ക്ഷണിക്കപ്പെടാതെ എത്തിയ പി.പി. ദിവ്യയെ യാത്രയയപ്പ് സമ്മേളനത്തില്‍നിന്നു കളക്ടര്‍ അരുണ്‍ കെ. വിജയന്‍ വിലക്കണമായിരുന്നു.ദിവ്യ കടന്നുവന്നപ്പോള്‍ ഇതു തങ്ങളുടെ ആഭ്യന്തരപരിപാടിയാണെന്നു പറയേണ്ട ഉത്തരവാദിത്വം അയാള്‍ക്കുണ്ടായിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ കളക്ടറുടെ പങ്കും അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അവർ ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണു സിപിഎം ചെയ്തത്.

ദിവ്യയെ നീക്കം ചെയ്തതു കൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ല. ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണു സിപിഎം ചെയ്തത്. എഡിഎമ്മിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടി അപകടകരമായ ശ്രമം നടത്തി. നവീന്‍ ബാബു, സംരംഭകനില്‍നിന്ന് 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന കഥ സിപിഎം ഉണ്ടാക്കിയതാണ്. നവീന്‍ ബാബുവിന്‍റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും സിപിഎം മാപ്പു പറയണം.ദിവ്യയെ രക്ഷിക്കാന്‍വേണ്ടി മരിച്ച എഡിഎമ്മിനെതിരേ വ്യാജരേഖ കെട്ടിച്ചമച്ചവര്‍ക്കെതിരേയും അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →