കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി വെട്ടിച്ചുരുക്കാൻ റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനം.നിലവില്‍ മുൻകൂർ റിസർവേഷൻ ചെയ്യുന്നതിനുള്ള സമയപരിധി 120 ദിവസമാണ്. ഇത് 60 ദിവസമായി (യാത്രാ തീയതി ഒഴികെ) കുറയ്ക്കും. 2024 നവംബർ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച് റെയില്‍വേ ബോർഡിന്‍റെ അറിയിപ്പ് എല്ലാ സോണുകളിലെയും പ്രിൻസിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജർമാർക്ക് കൈമാറി.
വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള 365 ദിവസത്തെ മുൻകൂർ ബുക്കിംഗ് പരിധിയിൽ മാറ്റമില്ല
അതേസമയം 120 ദിവസത്തെ കാലാവധി പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഈ മാസം 31 വരെ യാത്ര ചെയ്യുന്നതിന് തടസമൊന്നുമില്ലെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ 60 ദിവസത്തിന് മുകളിലുള്ള ബുക്കിംഗ് റദ്ദാക്കുന്നത് അനുവദനീയമായിരിക്കും.പകല്‍ സർവീസ് നടത്തുന്ന താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ ബുക്കിംഗിന്‍റെ കാര്യത്തില്‍ പുതിയ സമയ പരിധി ബാധകമല്ല – വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള 365 ദിവസത്തെ മുൻകൂർ ബുക്കിംഗ് പരിധിയിലും മാറ്റമൊന്നുമില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.