ഡെറാഡൂണ്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കൂമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി.ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപം ഒക്ടോബർ 16നാണ് ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്തിയത്. ഹെലികോപ്റ്ററില്‍ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിജയ് കുമാര്‍ ജോഗ് ദന്തും ഉണ്ടായിരുന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.
ഹെലികോപ്റ്ററിന് തകരാര്‍ ഉണ്ടായിരുന്നോ എന്നത് പരിശോധിച്ചുവരികയാണ്
മുന്‍സിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് വഴി മധ്യേ ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്. ഹെലികോപ്റ്ററിന് തകരാര്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തെരഞ്ഞെടുപ്പുനടക്കുന്ന ഇതര സ്ഥലങ്ങൾ
ഒക്ടോബർ 15 നാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബര്‍ 22-ന് പുറപ്പെടുവിക്കുമെന്നും ഒക്ടോബര്‍ 29 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണെന്നും ജോഗ് ദണ്ഡെ പറഞ്ഞു. വോട്ടെണ്ണല്‍ നവംബര്‍ 23-ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ 47 നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക് സഭാ സീറ്റുകളിലേക്കും നവംബര്‍ 13 ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേദാര്‍നാഥ് നിയമസഭാ സീറ്റിലേക്കും നന്ദേഡ് ലോക് സഭാ സീറ്റിലേക്കും നവംബര്‍ 20 ന് ഉപതിരഞ്ഞെടുപ്പ് നടക്കും.മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് ഒരു ഘട്ടമായും ജാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തിയതികളില്‍ രണ്ട് ഘട്ടങ്ങളായും വോട്ടെടുപ്പ് നടക്കും. രണ്ട് സംസ്ഥാനങ്ങളുടെയും വോട്ടെണ്ണല്‍ നവംബര്‍ 23 നാണ്.
ഷൈല റാവത്ത് എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഉത്തരാഖണ്ഡിൽ സീറ്റ് ഒഴിഞ്ഞത്
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് സീറ്റ് നിലവില്‍ ബിജെപിയുടെ കൈവശമുള്ള പൗരി ഗര്‍വാള്‍ ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.ജൂലൈയില്‍ ഷൈല റാവത്ത് എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് സീറ്റ് ഒഴിഞ്ഞത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചാണ് റാവത്ത് വിജയിച്ചത്. 2012ല്‍ കോണ്‍ഗ്രസ് എംഎല്‍എയായും റാവത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2017ല്‍ തോറ്റെങ്കിലും 2022ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച് വിജയിച്ചു.