വരുമാനം കൂട്ടാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : കൂറിയര്‍വഴിയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി. 47 ഡിപ്പോകളിലാണ് നിലവില്‍ കൂറിയര്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ളത്. ജീവനക്കാരുടെ കുറവുമൂലം മറ്റ് ഡിപ്പോകളില്‍ കൂറിയര്‍ സംവിധാനം തുടങ്ങാനായിരുന്നില്ല. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റ് ഡിപ്പോകളിലും വൈകാതെ കൂറിയര്‍ സര്‍വീസ് തുടങ്ങും. വിതരണത്തിന് ഡോര്‍ ടു ഡോര്‍ സംവിധാനം ഒരുക്കുന്നതു സംബന്ധിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

പരസ്യവരുമാനം കൂട്ടാൻ നടപടി

ബിസിനസ് എക്‌സിക്യുട്ടീവുകളെ നിയോഗിച്ച്‌ പരസ്യവരുമാനം കൂട്ടാനും നടപടി ആരംഭിച്ചു. മകച്ച പ്രതികരണമാണ് പരസ്യം നല്‍കലിന് ലഭിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളിലെ ഡിപ്പോ പരിസരങ്ങളില്‍ വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ടെന്‍ഡര്‍ സ്വീകരിച്ചിട്ടുണ്ട്.

ഹില്ലി അക്വാ കുടിവെള്ളം

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ കുടിവെള്ളം ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളിലും പമ്ബുകളിലും വില്‍ക്കുന്നുണ്ട്. ഇതിനും ആവശ്യക്കാര്‍ ഏറെയാണ്. ഇതോടെ കൂടുതല്‍ ഇടങ്ങളില്‍ കുപ്പിവെള്ളം വില്‍ക്കാനും തീരുമാനമുണ്ട്.

എയര്‍ കണ്ടിഷന്‍ ചെയ്ത കാത്തിരിപ്പുകേന്ദ്രങ്ങള്‍

കോര്‍പ്പറേഷനും ഒരു സ്വകാര്യ കമ്ബനിയും ചേര്‍ന്ന് തിരുവനന്തപുരം, കോഴിക്കോട് ബസ് സ്റ്റാന്‍ഡുകളില്‍ എയര്‍ കണ്ടിഷന്‍ ചെയ്ത കാത്തിരിപ്പുകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്കും കുടുംബസമേതമെത്തുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള മുറിയില്‍ ഫീഡിങ് റൂമുമുണ്ട്. ഒരുമണിക്കൂര്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ ചെലവഴിക്കുന്നതിന് 20 രൂപയാണ് നല്‍കേണ്ടത്. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപയാണ് ഈടാക്കുക. അങ്കമാലിയില്‍ 17-ന് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്യും. സ്വീകാര്യതയേറിയതിനാല്‍ കൂടുതല്‍ ഇടങ്ങളില്‍ കാത്തിരിപ്പുമുറികള്‍ ഒരുക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →