ഗാസയിലെ ഭരണത്തലവന്‍ റൗഹി മുഷ്താഹ, സമേഹ് അല്‍ സിറാജ്, സമേഹ് ഔദേ എന്നീ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന അവകാശപ്പെടുന്നു. . വടക്കന്‍ ഗാസയില്‍ ഭൂഗര്‍ഭ താവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് റൗഹി മുഷ്താഹ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മൂന്ന് മാസം മുന്‍പാണ് ഇവരെ വധിച്ചതെന്ന് ഇസ്രയേല്‍
സമേഹ് അല്‍-സിറാജ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയില്‍ സെക്യൂരിറ്റി പോര്‍ട്ട്ഫോളിയോ ചുമതല വഹിച്ച നേതാവാണ്. ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസം കമ്മാന്‍ഡറായിരുന്നു സമേഹ് ഔദേ. മൂന്ന് മാസം മുന്‍പാണ് ഇവരെ വധിച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്. വ്യാമാക്രമണം നടത്തി ഇവര്‍ ഒളിച്ചിരുന്ന താവളം തകര്‍ത്തുവെന്നാണ് അവകാശവാദം. ഹമാസിന്റെ കണ്‍ട്രോള്‍ സെന്ററായിരുന്നു ഈ ഭൂഗര്‍ഭ താവളമെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടിയാണ് ഈ ഒളിയിടം ഹമാസ് തയ്യാറാക്കിയതെന്നുമാണ് ഇസ്രയേല്‍ പറയുന്നത്.
പശ്ചിമേഷ്യയിലാകെ സംഘര്‍ഷ സമാനമായ സാഹചര്യം
ഇസ്രായേലില്‍ 1,200ലധികം പേര്‍ കൊല്ലപ്പെട്ട ഒക്ടോബര്‍ 7 ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ സംഘര്‍ഷ സമാനമായ സാഹചര്യമാണ്. ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് യഹ്യ സിന്‍വര്‍ എന്ന ഹമാസ് നേതാവാണ്. ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട റൗഹി മുഷ്താഹ എന്നാണ് വിവരം. ഒക്ടോബര്‍ 7 കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണ് ഇസ്രയേല്‍
