പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളിയും പി.ശശിയെ പൂര്‍ണമായി പിന്തുണച്ചും മുഖ്യമന്ത്രി

തിരുവനന്തരം: പി.വി.അന്‍വര്‍ എംഎല്‍എ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്‌തി രേഖപ്പെടുത്തി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പി.വി.അന്‍വര്‍ ആരോപണങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടത്‌

പി.വി.അന്‍വര്‍ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ ശ്രദ്ധയിലും കാര്യങ്ങള്‍ എത്തിക്കാമായിരുന്നു. പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയ ശേഷമായിരുന്നു മറ്റു കാര്യങ്ങളിലേക്കു പോകേണ്ടത്‌. ആ നിലപാടല്ല അന്‍വര്‍ സ്വീകരിച്ചത്‌. ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ സ്വീകരിക്കേണ്ട നിലപാടല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വറിനെ പറ്റി പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്‌. അതും അന്വേഷണസംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടി നിയോഗിച്ചത്‌ പ്രകാരം

സിപിഎം സംസ്‌ഥാന സമിതി അംഗമായ പി.ശശി പാര്‍ട്ടി നിയോഗിച്ചത്‌ പ്രകാരമാണ്‌ തന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നതെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടുക്കുന്ന പരാതിക്ക്‌ അതേപടി നടപടി സ്വീകരിക്കാനല്ല അദ്ദേഹം അവിടെ ഇരിക്കുന്നത്‌. നിയമപ്രകാരം പരിശോധിച്ച്‌ നടപടി എടുക്കും. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശി അല്ല ആരായാലും ആ ഓഫിസില്‍ ഇരിക്കാന്‍ പറ്റില്ല. നിയമപ്രകാരമല്ലാത്ത കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ ചെയ്‌തിട്ടുണ്ടാകില്ല. അതിലുളള വിരോധം വച്ച്‌ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിന്റെ മേല്‍ മാറ്റാന്‍ പറ്റുന്നതല്ല അത്തരം ആളുകളെയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മുന്‍വിധിയോടെയും അല്ല സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്‌. സാധാരണ നിലയില്‍ ഒരു പൊലീസ്‌ ഉദ്യോഗസ്‌ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത നിലയില്‍ സംസാരിച്ച എസ്‌പിക്കെതിരെ നടപടി എടുത്തു. ആരോപണവിധേയര്‍ ആര്‌ എന്നതല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്ത്‌ എന്നും അതിനുള്ള തെളിവുകള്‍ എന്ത്‌ എന്നതുമാണ്‌ പ്രശ്‌നം, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Share
അഭിപ്രായം എഴുതാം