കോട്ടയം: യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവരദോഷി പരാമര്‍ശത്തെ പരിഹസിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മാര്‍ കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ. ആവശ്യമില്ലാതെ കാലു നക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മന്ത്രിസ്ഥാനം രണ്ടെണ്ണം നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ ബിജെപിയെ അഭിനന്ദിക്കുന്നു. സഹമന്ത്രിസ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചതെന്ന ചോദ്യത്തിന്, ആദ്യം താഴെ നിന്നല്ലേ വരേണ്ടതെന്നായിരുന്നു മറുപടി.
കേന്ദ്രത്തിന്റെ അനുഭവം പഠിച്ചു കൊണ്ട് മര്യാദയ്ക്ക്, പ്രതിപക്ഷത്തെയും കയ്യിലെടുത്തുകൊണ്ട് ജനങ്ങള്‍ക്ക് ഗുണകരമായ പ്രവൃത്തി ഇനിയെങ്കിലും ചെയ്തില്ലെങ്കില്‍ കേരള സര്‍ക്കാരിനും ഇതേ അനുഭവം തന്നെയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.