ബ്ലോക്ക് പഞ്ചായത്തം​ഗത്തിനെതിരെ പരസ്യമായി ഭീഷണി മുഴക്കി മന്ത്രി കെ ബി ​ഗണേഷ് കുമാർ

കൊല്ലം: കെ എസ് യു നേതാവായ ബ്ലോക്ക് പഞ്ചായത്തം​ഗത്തിനെതിരെ പരസ്യമായി ഭീഷണി മുഴക്കി മന്ത്രി കെ ബി ​ഗണേഷ് കുമാർ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണനെതിരെയാണ് ​ഗണേഷ് കുമാർ പൊതുവേദിയിൽ ഭീഷണി മുഴക്കിയത്. മേലു നോവാതെ നോക്കണമെന്നായിരുന്നു യദുകൃഷ്ണനെതിരെ മന്ത്രിയുടെ പരാമർശം.

പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ഭീഷണി പ്രസം​ഗം. ‘പേടിപ്പിച്ചാൽ പേടിക്കുന്നയാള് വേറെയാ, മേലു നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്. നല്ലകാര്യം നടക്കുമ്പോൾ മൂക്ക് മുറിച്ചു ശകുനം മുടക്കുകയാണ്’ എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. അങ്കണവാടി ഉദ്ഘാടനത്തിന് ബ്ലോക്ക് പഞ്ചായത്തം​ഗമായ യദുകൃഷ്ണനെ ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് യദു മന്ത്രിക്കെതിരെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ഗണേഷ് കുമാർ സ്വത്തു വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ചു യദുകൃഷ്ണൻ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി തുടർവാദം കേൾക്കാൻ മാറ്റിയിരിക്കുകയാണ്. ഈ സംഭവത്തോടെ യദുകൃഷ്ണനും മന്ത്രിയും പല വേദികളിലും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്ന പരിപാടികളിൽ നിന്നു തന്നെ ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചിരിക്കുകയാണെന്ന് യദുകൃഷ്ണൻ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →