തിരൂർ : ജോയിന്റ് ആർ.ടി.ഒ. ഓഫീസിൽ സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ അടുത്തിടെ നടത്തിയ മിന്നൽപ്പരിശോധനയിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ജൂനിയർ സൂപ്രണ്ട് ഷാജി രാജൻ, ഹെഡ് അക്കൗണ്ടന്റ് വി. സനൽകുമാർ, സീനിയർ ക്ലാർക്ക് വി.ആർ. രാജേഷ്, ക്ലാർക്ക് വി. അജയദേവ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ജനുവരി 19-നായിരുന്നു ജോയിന്റ് ആർ.ടി.ഒ. ഓഫീസിൽ സീനിയർ സി.ടി.സി. മിന്നൽപ്പരിശോധന നടത്തിയത്. സ്റ്റേജ് ക്യാരേജ് , കോൺട്രാക്ട് ക്യാരേജ് വിഭാഗത്തിൽപ്പെടുന്ന നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് ടാക്സ് ക്ലിയറൻസ് നൽകിയതായും ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന വാഹനങ്ങൾ റീ രജിസ്ട്രേഷൻ (ആർ.എം.എ.) ചെയ്തതുമായും ഫോം ജി അപേക്ഷയുമായി ബന്ധപ്പെട്ടും നിരവധി ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുവഴി സർക്കാരിന് ഭീമമായ തുക നഷ്ടം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ കൃത്യവിലോപം, കടുത്ത അച്ചടക്കലംഘനം, പൊതുജനങ്ങൾക്കിടയിൽ വകുപ്പിന്റെ സത്‌പേരിനും അന്തസ്സിനും കളങ്കവും അവമതിപ്പും ഉണ്ടാക്കിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരേ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
തിരൂർ ജോയിന്റ് ആർ.ടി.ഒ. ശങ്കരപിള്ളയെ അടുത്തിടെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, എം.വി.ഐ.ക്ക് അധികചുമതല നൽകിയതല്ലാതെ പുതിയ ജോയിന്റ് ആർ.ടി.ഒ.യെ ഇതേവരെ നിയമിച്ചിട്ടില്ല.