കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഭയന്നു; സ്കൂട്ടർ അപകടത്തിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: സ്കൂട്ടറിൽനിന്നു വീണ് തലയ്ക്കു പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകൾ ഗോപികാ ഉദയ്(20) ആണ് മരിച്ചത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനിയായിരുന്നു. ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ​ഗോപിക ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെ പി.എം.ജി ജങ്ഷനിലായിരുന്നു അപകടം. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. ഗോപികയും സഹോദരി ജ്യോതികയും ജിംനേഷ്യത്തിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. സമീപത്തുകൂടി പോയ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടി. ശബ്ദം കേട്ട് ഗോപികയ്ക്ക് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി റോഡിലേക്കു വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാലേ അപകടത്തിന്റെ കാരണം കൂടതൽ വ്യക്തമാകൂവെന്നും മ്യൂസിയം പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.

ഗോപികയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരിയുടെ പരിക്ക് ഗുരുതരമല്ല. ഗോപികയുടെ അമ്മ നിഷ കിംസ് ആശുപത്രിയിലെ ഗസ്റ്റ് ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസറാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →