ഇംഫാൽ: മണിപ്പൂരിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരു ജവാൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലാണ് സംഭവം. ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) സൈനികനായ ലീമാഖോങ് മിഷൻ വെങ് സ്വദേശി ഹെൻമിൻലെൻ വൈഫെയ്, സിവിലിയനായ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഹുങ്കോ കുക്കി ഗ്രാമത്തിലെ താങ്മിൻലുൻ ഹാങ്‌സിംഗ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഹാരോഥേലിനും കോബ്ഷ ഗ്രാമത്തിനും ഇടയിൽ വെച്ച് ഐആർബി ഉദ്യോഗസ്ഥരും ഡ്രൈവറും സഞ്ചരിച്ച മാരുതി ജിപ്സിക്ക് നേരെ വെടിവെയ്പ്പുണ്ടാകുകയായിരുന്നു. പതിയിരുന്നായിരുന്നു അജ്ഞാതരായ ആയുധധാരികൾ ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ പരിക്കേറ്റ് ഹെൻമിൻലെൻ വൈഫെയും താങ്മിൻലുൻ ഹാങ്സിങ്ങും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ തിരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, കുക്കി-സോ സമുദായത്തെ പ്രകോപനം കൂടാതെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് കാങ്പോക്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൈബൽ യൂണിറ്റി കമ്മിറ്റി ആരോപിച്ചു. കാങ്പോപിയിൽ ‘അടിയന്തര ഷട്ട്ഡൗൺ’Y ഉം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ആദിവാസികൾക്കായി പ്രത്യേക ഭരണസംവിധാനം ഒരുക്കണമെന്ന ആവശ്യവും സിഒടിയു യോഗത്തിൽ ഉന്നയിച്ചു.