ലക്നൗ: ഉത്തർപ്രദേശിൽ ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങളുടെ നിർമ്മാണവും സംഭരണവും വിതരണവും വിലക്കി സർക്കാർ ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആഹാരപദാർത്ഥങ്ങളുടെ നിലവാരം നിശ്ചയിക്കാനുള്ള അധികാരം സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണെന്നാണ് സർക്കാർ നിലപാട്. ഹലാൽ മുദ്ര ചെയ്ത് ആഹാര സാധനങ്ങൾ വിൽക്കുന്നത് സമാന്തര സംവിധാനമാണെന്നും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കുന്നു. ഇത് ജനങ്ങൾക്കിടയിൽ ഭക്ഷ്യവസ്‌തുക്കളുടെ നിലവാരം സംബന്ധിച്ച് ആശങ്ക ഉണർത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് വിൽക്കുന്ന ഹലാൽമുദ്രയുള്ള ആഹാര സാധനങ്ങൾക്ക് മാത്രമാണ് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. കയറ്റുമതിയ്‌ക്കായി തയ്യാറാക്കിയ ഹലാൽ വിഭവങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയെന്നും കമ്മീഷണർ പറഞ്ഞു. നേരത്തെ ഒരു കമ്പനിക്കും മറ്റ് ചില സംഘടനകൾക്കുമെതിരെ ജനങ്ങളുടെ മതവികാരത്തെ ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു.
തെറ്റായ ഹലാൽ സർട്ടിഫിക്കറ്റ് ഒട്ടിച്ച് ആഹാരപദാർത്ഥങ്ങൾ വിൽപന നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഹലാൽ ഇന്ത്യ പ്രൈവറ്റി ലിമിറ്റഡ്, ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് മുംബയ് എന്നിവയടക്കം കമ്പനികൾക്കെതിരെയായിരുന്നു കേസ്. എന്നാൽ പൊലീസ് പറയുന്ന കാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്‌റ്റ് അറിയിക്കുന്നത്.