മന്ത്രിസഭയുടെ നായകനും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടിയെന്നാണു വിലയിരുത്തപ്പെടുന്നത്.
ജനങ്ങളുമായി നേരിട്ടു സംവദിച്ച് ഭരണ പുരോഗതി വിലയിരുത്താനും ജനാഭിപ്രായം തേടാനുമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭ ഒന്നാകെയും 140 നിയമസഭാ മണ്ഡലങ്ങളിലും എത്തുന്നത്. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചക്ക് മൂന്നരക്കു ജനസദസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിപിണറായി വിജയന്‍ നിര്‍വഹിക്കും.
റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനും പരാതികള്‍ക്ക് നേരിട്ട് പരിഹാരം നല്‍കാനുമായാണ് നവകേരളം സദസ്സ് സംഘടിപ്പിക്കുന്നത്.
പ്രത്യേകമായി തയ്യാറാക്കിയ ബസിലായിരിക്കും മുഖ്യമന്ത്രിയും സംഘവും കേരളത്തിലുടനീളം യാത്ര ചെയ്യുക. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളില്‍ നടക്കും. സദസ്സ് ഡിസംബര്‍ 23 ന് വട്ടിയൂര്‍ക്കാവില്‍ സമാപിക്കും.
നാടിന്റെ മുഖച്ഛായ മാറ്റാനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും എടുത്ത നടപടി ജനങ്ങളോട് സര്‍ക്കാര്‍ വിശദീകരിക്കും. ജനങ്ങളുടെ പ്രയാസങ്ങളും പരാതികളും കേള്‍ക്കും. അവയ്ക്ക് സമയബന്ധിതമായി പരിഹാരമുണ്ടാക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും തലസ്ഥാനത്തേക്കോ ജില്ലാ കേന്ദ്രങ്ങളിലേക്കോ ഓടുന്ന ജനങ്ങളെ അവരുടെ അടുക്കലെത്തി പ്രശ്‌നപരിഹാര മാര്‍ഗമുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം.
പരാതി സ്വീകരിക്കുന്നതിന് വിപുല സൗകര്യം ഒരുക്കിയിട്ടുണ്ട്. സമയബന്ധിതമായി അവയ്ക്ക് തീര്‍പ്പുണ്ടാക്കാനും സംവിധാനമായി. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും പ്രത്യേകം കൗണ്ടറുണ്ട്. പരാതി പരിഹരിച്ച വിവരം, വൈകുമെങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ കാര്യം രണ്ടാഴ്ചയ്ക്കുള്ളില്‍ പരാതിക്കാരനെ അറിയിക്കും. നവകേരള സദസ്സ് നിശ്ചയിച്ചവിധത്തില്‍ കൃത്യമായി നടക്കുന്നതിനുവേണ്ടി മന്ത്രിസഭായോഗങ്ങള്‍പോലും പ്രത്യേക സ്ഥലങ്ങളിലാണു ചേരുക.
രാവിലെ ഒമ്പതിന് അതത് ദിവസത്തെ മണ്ഡലങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ടവരുടെ ബഹുജന മണ്ഡലം സദസ്സോടുകൂടിയായിരിക്കും തുടക്കം. തുടര്‍ന്ന് 11, ഉച്ചകഴിഞ്ഞ് 3, 4.30, വൈകിട്ട് 6 എന്നിങ്ങനെ നാല് മണ്ഡലത്തില്‍ സദസ്സ് നടക്കും. അപൂര്‍വം ദിവസങ്ങളില്‍ മൂന്നും അഞ്ചും സദസ്സുണ്ട്. മന്ത്രിസഭാ യോഗമുള്ള ദിവസങ്ങളില്‍ പ്രഭാത യോഗമുണ്ടാകില്ല. പരാതിയുടെ നിജസ്ഥിതി www.navakeralasadas.kerala.gov.inല്‍ നിന്ന് അറിയാം. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനാണ് യു ഡി എഫ് തീരുമാനം.

