ആലുവ∙ 21 വർഷം മുൻപുപെരിയാറിൽ മുങ്ങിത്താണ, നഗരസഭയുടെ യാത്ര ബോട്ടിന്റെ എൻജിൻ കണ്ടെടുത്തു. 2018ലെ മഹാപ്രളയത്തിൽ പോലും ഒഴുകിപ്പോകാതെ മുങ്ങിയ സ്ഥലത്തു തന്നെ കിടക്കുകയായിരുന്നു. നവീകരിച്ച മുനിസിപ്പൽ പാർക്കിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വാർഡ് കൗൺസിലർ കെ. ജയകുമാറിന്റെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു പുഴയോരത്തെ മാലിന്യം നീക്കുന്നതിനിടെയാണ് എൻജിൻ ലഭിച്ചത്.
ബോട്ടിന്റെ എൻജിൻ ഒഴികെയുള്ള ഭാഗങ്ങളും പഴയ ബോട്ട് ജെട്ടിയും വർഷങ്ങൾക്കു മുൻപേ നശിച്ചു. നഗരസഭയിൽ പണ്ടു വൻ വിവാദമുയർത്തിയ സംഭവമാണ് ബോട്ട് വാങ്ങലും വിൽപനയും. ആലുവയുടെ ടൂറിസം വികസന സാധ്യത കണക്കിലെടുത്ത് 1998–99 കാലത്തു ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് വാട്ടർ സ്കൂട്ടർ അടക്കം 6 സ്പീഡ് ബോട്ട് വാങ്ങിയത്. മുനിസിപ്പൽ പാർക്കിനു താഴെ പുഴയിൽ ജെട്ടി നിർമിച്ചു. 2000 ജൂലൈ ഒന്നിനു ബോട്ടുകൾ നീറ്റിലിറക്കി.
വിനോദ സഞ്ചാരികൾക്കു വാടകയ്ക്കു നൽകിയ ബോട്ടുകൾ പക്ഷേ, ഏറെനാൾ ഓടിക്കാനായില്ല. കരാറുകാർ നിർത്തിപ്പോയതോടെ പദ്ധതി സ്തംഭിച്ചു. പിന്നീട് ഒരു യാത്രാ ബോട്ട് ഒഴികെയുള്ളവ നഗരസഭ ലേലത്തിൽ വിറ്റു. ഈ ഇടപാടിൽ നഗരസഭയ്ക്ക് 5,57,794 രൂപ നഷ്ടം വന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തി. നഗരസഭാധ്യക്ഷൻ, 3 കൗൺസിലർമാർ, മുനിസിപ്പൽ എൻജിനീയർ, 2 വിദഗ്ധ സമിതി അംഗങ്ങൾ എന്നിവരിൽ നിന്നു നഷ്ടം ഈടാക്കാൻ നിയമസഭാ സമിതി നിർദേശിച്ചു
അവർ പണം അടയ്ക്കാതിരുന്നതിനെ തുടർന്നു തദ്ദേശഭരണ വകുപ്പ് റവന്യു റിക്കവറി നടപടി തുടങ്ങി. ഹൈക്കോടതി അതു സ്റ്റേ ചെയ്തെങ്കിലും സർക്കാർ നടപടികൾ ഇപ്പോഴും പൂർണമായി അവസാനിച്ചു.