പ്രമുഖ വ്യവസായി പി വി ഗംഗാധരന് (81) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ ടി സി ഗ്രൂപ്പിന്റെ തലവന്മാരില് ഒരാളായ അദ്ദേഹം മാതൃഭൂമി പത്രത്തിന്റെ മുഴുവന്‍ സമയ ഡയറക്ടറും ആയിരുന്നു. നിലവിൽ എ ഐ സി സി അംഗമാണ്
പി വി ജി എന്ന ചുരുക്കപ്പേരില്‍ കോഴിക്കോട്ടെ വ്യാവസായിക, സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉമടയെന്ന നിലയില്‍ നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവും ആയിരുന്നു. 2011ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു.
കെ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയ പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയില്‍ 1943-ലാണ് പി വി ഗംഗാധരന് ജനിച്ചത്. വ്യാപാരപ്രമുഖനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന് മൂത്ത സഹോദരനാണ്. ഷെറിന് ആണ് ഭാര്യ. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്.
സുജാത (1977),മനസാ വാചാ കര്‍മ്മണാ (1979),അങ്ങാടി (1980),അഹിംസ (1982),ചിരിയോ ചിരി (1982),കാറ്റത്തെ കിളിക്കൂട് (1983),ഇത്തിരി പൂവേ ചുവന്ന പൂവേ (1984),ഒഴിവുകാലം (1985),വാര്‍ത്ത (1986),ഒരു വടക്കന്‍ വീരഗാഥ (1989),എന്നും നന്മകള് (1991),അദ്വൈതം (1992),ഏകലവ്യന് (1993),തൂവല്‍ക്കൊട്ടാരം (1996),കാണാക്കിനാവ് (1996),എന്ന് സ്വന്തം ജാനകിക്കുട്ടി (1998),വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999),കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000),ശാന്തം (2000),അച്ചുവിന്റെ അമ്മ (2005),യെസ് യുവര്‍ ഓണര്‍ (2006),നോട്ട്ബുക്ക് (2006) തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായിരുന്നു

