കോട്ടയം: പാലാ: അത്യന്തം വാശിയേറിയ പോരാട്ടത്തിൽ സെൻ്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട വയലിൽ ട്രോഫി വനിതാ വിഭാഗം മത്സരത്തിൽ കിരീടം ചൂടി.ആദ്യന്തം ആവേശകരമായിരുന്നു പോരാട്ടം.നിരവധി സംസ്ഥാന കായീക താരങ്ങളാൽ നിബിഡമായ സെൻ്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയും ,കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും പാലാ സെൻ്റ് തോമസ് കോളേജിലെ ജിമ്മി ജോർജ് ഇൻഡോർ കോർട്ടിൽ പോരാടിയപ്പോൾ ഗാലറികളിൽ നിറഞ്ഞ കാണികൾക്കും അത് ദൃശ്യ വിരുന്നായി .
ആദ്യ സെറ്റ് 15 – 25 ന് സെൻ്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട നേടിയപ്പോൾ ,രണ്ടാം സെറ്റിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട ഉണർന്ന് കളിച്ച് 25-22 ന് സെറ്റ് സ്വന്തമാക്കി.എന്നാൽ മൂന്നാം സെറ്റ് സെൻ്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട നേടി .കാതോലിക്കേറ്റ് കോളേജിൻ്റെ പിഴവുകളിൽ നിന്ന് മുതലെടുത്താണ് മൂന്നാം സെറ്റ് 25-15 ന് ഇരിങ്ങാലക്കുട നേടിയത്.
എന്നാൽ പൊരുതി നിന്ന കാതോലിക്കേറ്റ് കോളേജിനെ തകർത്ത് നാലാം സെറ്റും 25-23 ന് കിരീടവും സെൻ്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട സ്വന്തമാക്കുകയായിരുന്നു.

