കരുവന്നൂർ സാമ്പത്തിക തട്ടിപ്പ് കേസ്; റബ്കോയുടെ കഴിഞ്ഞ 10 വർഷത്തെ ഇടപാട് രേഖകൾ പരിശോധിക്കാനുറച്ച് ഇഡി

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റബ്കോ എംഡി ഹരിദാസന്‍ നമ്പ്യാരുടെ മൊഴി ഇഡി രേഖപ്പെടുത്തി. കരുവന്നൂർ സഹകരണ ബാങ്ക് റബ്കോയുടെ വിപണന പങ്കാളിയായതുകൊണ്ട് തന്നെ നമ്പ്യാരോട് റബ്കോയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി ചോദ്യങ്ങൾ ഉന്നയിച്ചത്. അതേസമയം ചോദ്യം ചെയ്യലിനായി ഹാജരായ നമ്പ്യാർ ഇഡി ആവശ്യപ്പെട്ട രേഖകൾ നാളെ ഹാജരാക്കാമെന്ന് ഉറപ്പുനൽകി മടങ്ങുകയായിരുന്നു.

രേഖകൾ നാളെ ഹാജരാക്കാമെന്ന് ഹരിദാസൻ പറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്. കരുവന്നൂർ തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകണമെന്ന് ഹരിദാസനോട് ഇഡി സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹാജരായത്. സഹകരണ രജിസ്ട്രാർ ടിവി സുഭാഷിനും നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല.

കൂടാതെ കരുവന്നൂരിൽ ഭീമമായ തട്ടിപ്പ് കണ്ടെത്തുന്നതിൽ സഹകരണ വകുപ്പിന് സംഭവിച്ച വീഴ്ചകളും ഇഡി അന്വേഷിക്കുന്നുണ്ട്. വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലർ മധു അമ്പലപുരവും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസും കരുവന്നൂർ ബാങ്കിലെ ചാർട്ടേഡ് അക്കൗണ്ടന്‍റുമാരായ മനോജ്, അനൂപ്, അഞ്ജലി എന്നിവരും ഇന്ന് ഇഡി ഓഫീസിൽ ഹാജരായി. തൃശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാറും ഇഡി ഓഫീസിലെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →