അത്യാസന്നനിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന്റെ വരവ് മറ്റു വാഹനഡ്രൈവര്‍മാരെ അറിയിക്കുന്ന സംവിധാനമാണ് ശ്രീരാഗിന്റെ കണ്ടെത്തല്‍.
ആംബുലൻസ് സൈറൺ എളുപ്പത്തിൽ കേൾക്കാൻ സഹായിക്കുന്ന ഉപകരണവുമായി ശ്രീരാഗ് | ഫോട്ടോ: അജിത് ശങ്കരൻ
സാധാരണഗതിയിൽ നമ്മുടെ വാഹനത്തിനുപിറകേ ഒരു ആംബുലൻസ് വരുമ്പോൾ അതിന്റെ സൈറൺ ദൂരെനിന്നുതന്നെ കേൾക്കാം. എന്നാൽ നല്ല മഴയും കാറ്റുമുള്ളപ്പോൾ, ഗ്ലാസെല്ലാം അടച്ച്, പാട്ടുകേട്ടുകൊണ്ടാണ് പോകുന്നതെങ്കിലോ? ആംബുലൻസ് തൊട്ടുപിന്നിലെത്തിയാൽപ്പോലും സൈറൺ കേട്ടെന്നുവരില്ല. ഇത്തരം സന്ദർഭങ്ങളിൽ രക്ഷയ്ക്കെത്തുന്ന സംവിധാനവുമായി ഇതാ ഒരു ഇരുപത്തിനാലുകാരൻ.
പരപ്പനങ്ങാടി പുത്തൻപീടിക കൊളക്കുന്നത്തുവീട്ടിലെ കെ. ശ്രീരാഗ് ആണ് ഒന്നരക്കിലോമീറ്റർ അകലെ ഒരു ആംബുലൻസ് എത്തിയാൽ ശബ്ദമുണ്ടാക്കുന്ന ‘ഓട്ടോ ഓട്ടോമാറ്റിക് സിസ്റ്റം’ രൂപകല്പന ചെയ്തത്. ആംബുലൻസ് ഒന്നരക്കിലോമീറ്റർ അടുത്തെത്തുമ്പോൾ നമ്മുടെ വണ്ടിക്കകത്ത് ചുവന്ന വെളിച്ചം തെളിയും. ഒപ്പം ബസറിന്റെ ശബ്ദം മുഴങ്ങും. ആംബുലൻസ് അരക്കിലോമീറ്റർ ദൂരെയെത്തിയാൽ നീലവെളിച്ചവും ബസർ ശബ്ദവുമാണ് ഉണ്ടാവുക. അസാധാരണ സന്ദർഭങ്ങളിൽ അസാധാരണവേഗത്തിൽ പോകേണ്ടിവരുന്ന ആംബുലൻസുകളെ ഉദ്ദേശിച്ചാണിത്.
എട്ടോ ഒൻപതോ വർഷം മുൻപാണ് ഇങ്ങനെയൊരു ആശയം തോന്നിയത്’, ശ്രീരാഗ് പറയുന്നു: നാലുമണിക്കൂർ കൊണ്ട് കാസർകോട്ടുനിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ ഹൃദയമെത്തിച്ച വാർത്ത കണ്ടപ്പോഴാണത്. വലിയ മുന്നൊരുക്കത്തോടെ പോലീസും സന്നദ്ധപ്രവർത്തകരും വഴികളിലുടനീളം നിലയുറപ്പിച്ചാണല്ലോ അതിന് തടസ്സമില്ലാത്ത യാത്രയൊരുക്കിയത്.

