കൊച്ചി: ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരപരിധിയില്‍ രണ്ടിടത്ത് കൂറ്റന്‍ ആകാശപാതകള്‍ക്ക് സാധ്യത തെളിഞ്ഞു. മെട്രൊ റെയിലും ദേശീയപാതയും സംഗമിക്കുന്ന ഇടപ്പള്ളി, വൈറ്റില ജംക്‌ഷനുകളില്‍ 20 മീറ്ററിലധികം ഉയരത്തിലായിരിക്കും ആകാശപാത കടന്നുപോകുക.
പദ്ധതി സംബന്ധിച്ച് ദേശീയ പാത അഥോറിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ പഠനം ആരംഭിച്ചു. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഇടപ്പള്ളിയില്‍ ഉയരമേറിയ ഫ്ലൈഓവര്‍ തന്നെയാണ് മികച്ച പരിഹാരമെന്നാണ് ഹൈബി ഈഡന്‍ എംപി അടക്കമുള്ളവരുടെ നിര്‍ദേശം. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ നിലവിലുള്ള ദേശീയപാതയ്ക്ക് മുകളിലൂടെ എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ടെങ്കിലും ഇടപ്പള്ളി ജംക്‌ഷനിലെ വികസനമാണ് പ്രതിസന്ധിയായി നില്‍ക്കുന്നത്.
ഇടപ്പള്ളി മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്ത് നിലവില്‍ നാലുവരിപ്പപാതയുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇരുഭാഗത്തും കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ ഈ പ്രദേശത്ത് ഭൂമി ഏറ്റെടുത്ത് വികസനം വേണ്ടെന്ന നിലപാടിലാണ് ദേശീയപാതാ അഥോറിറ്റി. ജില്ലാ അതിര്‍ത്തിയായ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ ഉയരപ്പാത നിര്‍മിക്കാനായി നിലവിലുള്ള ഹൈവേയുടെ മീഡിയനില്‍ തൂണുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായി അരൂര്‍ മുതല്‍ ഇടപ്പള്ളി വരെ ആകാശപാത നീട്ടാനാണ് ആലോചന.
നിലവിലുള്ള ജംക്‌ഷന് അടിയിലൂടെ തുരങ്കപാത നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവഴി കടന്നുപോകുന്ന നിരവധി ഭൂഗര്‍ഭ കേബിളുകളും മെട്രൊ വയഡക്റ്റ് അടക്കമുള്ള തൂണുകളും തടസമാണ്.

