നിര്‍മാണ സാമഗ്രികള്‍ക്ക് തീവില ; വീട് നിര്‍മാണം പ്രതിസന്ധിയിൽ

കണ്ണൂർ : നിര്‍മാണ സാമഗ്രികള്‍ക്ക് വിലവര്‍ധിച്ചതോടെ ലൈഫ് പദ്ധതിയില്‍ പണിയുന്ന ഒട്ടേറെ വീടുകൾ ഉള്‍പ്പെടെ നിര്‍മാണം സ്തംഭിച്ച നിലയിലാണ്. 40 ശതമാനം മുതല്‍ 100 ശതമാനം വിലവര്‍ധനയാണുണ്ടായിരിക്കുന്നത്. കരാറെടുത്ത്‌ വീടുപണിയുന്നതിന് 1850 രൂപയായിരുന്നു ചതുരശ്രയടിക്ക് ഈടാക്കിയിരുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയെ തുടര്‍ന്ന് ഇപ്പോള്‍ കരാര്‍തുക കുതിച്ചുയര്‍ന്ന് 2600 രൂപ വരെയായി. സിമന്റ്, കമ്പി, മണല്‍, മെറ്റല്‍ എല്ലാത്തിനും ഇപ്പോൾ തീവിലയാണ്. അന്യ സംസ്ഥാനത്തുനിന്നുമാണ് കേരളത്തിലേക്ക് സിമന്റ് എത്തുന്നത്.

50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 410 രൂപയാണ് വില. കേരളത്തിന് ആവശ്യമുള്ള സിമന്റിന്റെ 20 ശതമാനം മാത്രമാണ് മലബാര്‍ സിമന്റ് ഉല്പാദിപ്പിക്കുന്നത്. ഭിത്തി നിര്‍മിക്കാൻ ഉപയോഗിക്കുന്ന സിമന്റുകട്ടയുടെ വില 32 രൂപയില്‍നിന്ന് ഉയര്‍ന്ന് 44 രൂപവരെയായി. നിര്‍മാണത്തിന് ഉപയോഗിക്കുന്ന കമ്പിയുടെ വിലയും അടിക്കടി വര്‍ധിക്കുകയാണ്.

കിലോയ്ക്ക് 60 രൂപയായിരുന്ന കമ്പി വില 75 രൂപയായി വര്‍ധിച്ചു. മണല്‍ ഒരടിക്ക് 75 രൂപയായി, മെറ്റലിന് 60 രൂപ. ചുടുകട്ട വില 12 രൂപയായി ഉയര്‍ന്നു. കരിങ്കല്ല് ഒരുലോഡിന് 8500 രൂപ കൊടുത്താല്‍ പോലും കിട്ടാത്ത അവസ്ഥയാണ്. പാറപ്പൊടിക്കും വിലകൂടി. നിര്‍മാണ അനുബന്ധ ഉല്പന്നങ്ങളായ പി.വി.സി പൈപ്പ്, ടൈല്‍സ്, പെയിന്റ് വയറിങ് സാമഗ്രികള്‍ എന്നിവയ്ക്കും വില കുതിച്ചുയര്‍ന്നു.

തൊഴിലാളികളും വ്യാപാരികളും പ്രതിസന്ധിയില്‍

വീട് നിര്‍മാണ രംഗത്താണ് കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, വിലവര്‍ധന മൂലം പലരും നിര്‍മാണത്തില്‍നിന്ന് പിന്മാറുകയാണ്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിര്‍മാണ വസ്തുക്കളുടെ വില അടിക്കടി വര്‍ധിക്കാൻ തുടങ്ങിയത്.

ചെറിയ തുകയുമായി വീട് നിര്‍മാണത്തിനിറങ്ങിയ സാധാരണക്കാര്‍ക്ക് വിലവര്‍ധന കനത്ത പ്രഹരമായി. കരാറെടുത്ത്‌ നിര്‍മാണം നടത്തുന്നവര്‍ക്ക് വില വര്‍ധനമൂലം കരാര്‍ തുകയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുന്നില്ല. വിലവര്‍ധന കാരണം വ്യാപാരികളും ബുദ്ധിമുട്ടിലായി. സാധാരണക്കാരുടെ വീടെന്ന സ്വപ്നം തറയിൽ ഒതുങ്ങുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →