കൊയിലാണ്ടിയിൽ ഭാര്യയുടെ പരാതി അന്വേഷിക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ ഭർത്താവിന്റെ ആക്രമണം. പരുക്കേറ്റ കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്ഐ വിനോദ് ചികിത്സയിലാണ്. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. കാപ്പാട് സ്വദേശി റൗഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തിൽ പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കേസ് അന്വേഷണത്തിനായി പൊലീസുകാർ വീട്ടിലെത്തിയപ്പോൾ റൗഫ് കമ്പിവടി കൊണ്ട് എഎസ്ഐയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസുകാർ സംഭവസ്ഥലത്തേക്ക് എത്തുകയും യുവാവിനെ കൂട്ടമായി കീഴ്പ്പെടുത്തുകയുമായിരുന്നു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിക്കുന്നു. ഒരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലെത്തിയപ്പോഴാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.

