കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ സുരക്ഷ മേഖല (റെസ) വിപുലീകരിക്കാനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി അവധി ദിവസവും കര്‍മനിരതരായി ഉദ്യോഗസ്ഥ സംഘം. മുഴുവന്‍ ഭൂവുടമകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
തുക വരും ദിവസങ്ങളില്‍ ലഭ്യമാക്കും. നോഡല്‍ ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണിന്റെ മേല്‍നോട്ടത്തില്‍ ഭൂമിയേറ്റെടുക്കലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ എം.പി. പ്രേം ലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കൈവശക്കാര്‍ നല്കിയ രേഖകള്‍ പരിശോധിച്ച് വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്പെഷല്‍ തഹസില്‍ദാര്‍ എം.കെ. കിഷോര്‍, അഞ്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 20 പേരാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
രാവിലെ എട്ടിനാരംഭിക്കുന്ന ഇവരുടെ ഔദ്യോഗിക ജോലികള്‍ രാത്രി ഏറെ വൈകി പുലര്‍ച്ചയോടെയാണ് അവസാനിക്കുന്നത്. നിയമപരമായ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി രേഖകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു. വിമാനത്താവള റൺവേ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കും അനുബന്ധ വസ്തുവഹകള്ക്കുമായി 71.15 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ 18.25 കോടി രൂപയാണ് വിതരണത്തിനായി ലഭ്യമാക്കിയത്. ബാക്കി തുക അടുത്ത ദിവസം അനുവദിക്കും.
റെസയുടെ നീളം നിലവിലുള്ള 90 മീറ്ററില്‍ നിന്ന് 240 മീറ്ററായി വിപുലീകരിക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തി ശാസ്ത്രീയമായി നിര്‍ണയിച്ചതോടെ നിലവില്‍ ഏറ്റെടുക്കുക 12.506 ഏക്കറാണ്. പള്ളിക്കല്‍ വില്ലേജില്‍ നിന്ന് 5.566 ഏക്കറും നെടിയിരുപ്പില്‍ നിന്ന് 6.94 ഏക്കറുമാണ് അവസാന കണക്കനുസരിച്ച് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം നെടിയിരുപ്പ് പാലക്കപ്പറമ്പ് അംഗൻവാടിയില്‍ നടന്ന പ്രത്യേക ക്യാമ്പില്‍ മുഴുവന്‍ ഭൂവുടമകളും രേഖകള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു.

