ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജൈനിൽ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി ചോരയൊലിക്കുന്നനിലയിൽ തെരുവിലൂടെ സഹായം അഭ്യർഥിച്ച് നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 സെപ്തംബർ 27 ബുധനാഴ്ചയാണ് ആരെയും നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അർധനഗ്നയായനിലയിൽ ചോരയൊലിച്ച് വീടുകൾതോറും കയറിയിറങ്ങിയ പെൺകുട്ടിയെ ആരും സഹായിച്ചില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഒരാൾ പെൺകുട്ടിയെ ആട്ടിപ്പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അർധനഗ്നയായി ചോരയൊലിക്കുന്ന നിലയിൽ തെരുവിലൂടെ നടന്ന് പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ഇവരെല്ലാം കുട്ടിയെ തുറിച്ചുനോക്കുകയല്ലാതെ സഹായിക്കാൻ മുതിർന്നില്ല. അലഞ്ഞുനടന്ന പെൺകുട്ടി ഒടുവിൽ ഒരു ആശ്രമത്തിൽ എത്തി. പെൺകുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന പുരോഹിതന് സംശയംതോന്നി. തുടർന്ന് പെൺകുട്ടിക്ക് തുണി നൽകിയശേഷം ഉടൻതന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യംവന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനംചെയ്തതെന്നും നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഉജ്ജൈനി ജില്ലാ പോലീസ് മേധാവി സച്ചിൻ ശർമ മാധ്യമങ്ങളോട് പറഞ്ഞു..
അതിനിടെ, പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പേരും വിലാസവും ഉൾപ്പെടെ തിരക്കിയെങ്കിലും കുട്ടി വ്യക്തമായി ഉത്തരം നൽകുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സംസാരശൈലി കേട്ടിട്ട് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനിയാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ എത്രയുംവേഗത്തിൽ പിടികൂടാനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ അത് പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു..

