സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാൻ വീണ്ടും ശ്രമം നടക്കുകയാണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടുത്തെ നിക്ഷേപങ്ങൾ ചില മൾട്ടി സ്റ്റേറ്റ് കമ്പനികളിലേക്ക് വലിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. അതിൽ ആരും വീണ് പോകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങളിലൂടെ സഹകരണ മേഖലയെ തകർത്തുകളയാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ മേഖലയിൽ പണം നിക്ഷേപിച്ച ഒരാൾക്ക് പോലും ചില്ലിക്കാശുപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. നിക്ഷേപം നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പ് നൽകുന്നു. കേരളത്തിന്റെ സഹകരണ മേഖല ശക്തമാണെന്നും സഹകരണ മേഖലയെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 നവംബർ ഒന്ന് മുതൽ 7 വരെ കേരളീയം എന്ന പേരിൽ തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഈ പരിപാടിക്ക് എത്തും. കേരളത്തിന്റെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് അഞ്ചു ദിവസങ്ങളിൽ സെമിനാർ നടത്തും. ഇതിൽ നിന്നും ആരെയും മാറ്റി നിർത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ ഞങ്ങൾ അതിൽ പങ്കെടുക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത് ധൂർത്താണെന്നാണ് അവരുടെ വാദം. നാടിന്റെ പുരോഗതിക്ക് വേണ്ടി നടത്തുന്ന പരിപാടി എങ്ങനെ ധൂർത്ത് ആകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →