വയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളേയും ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടെത്തി

വയനാട് : കമ്പളക്കാട് നിന്ന് കാണാതായ കുടുംബത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. അമ്മയെയും അഞ്ചു കുട്ടികളെയും ക്ഷേത്രത്തിലെ കൺട്രോൾ റൂമിലേക്ക് മാറ്റി. ഗുരുവായൂർ പൊലീസ് വയനാട് പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. 2023 സെപ്തംബർ 18-ാം തിയതി മുതലാണ് അമ്മയേയും അഞ്ച് കുട്ടികളേയും കാണാതായത്.

ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ ഇവർ പോയതിന് ശേഷമാണ് ഗുരുവായൂരിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്‌നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭർത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മർദ്ദിച്ചുവെന്ന് യുവതി ആരോപിക്കുന്നു. മർദനത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് നാടുവിട്ടത്. ഫറൂക്കിലെയും ഷൊർണൂരിലെയും ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ചു. വയനാട്ടിൽ നിന്നും പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഫറൂക്കിലേക്കും പോയി. പിന്നീട് ഫറോക്കിൽ നിന്ന് പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഷോർണൂരിലെ ബന്ധുവിന്റെ വീട്ടിലേക്കും അവിടെനിന്ന് തൃശ്ശൂരിൽ എത്തിയശേഷം ബസ് മാർഗ്ഗമാണ് ഗുരുവായൂരിൽ എത്തിയത്.

ചേളാരിയിവല വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവും ബന്ധുക്കളും പറഞ്ഞിരുന്നു. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ബന്ധുക്കളും പൊലീസും ശ്രമിച്ചിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല. കുടുംബത്തിന് ഗുരുവായൂർ പൊലീസ് ഭക്ഷണം വാങ്ങി നൽകി. വയനാട് പൊലീസ് എത്തിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അമ്മയെയും കുട്ടികളെയും കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →