തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ അക്കാദമിക് വിദഗ്ധരായി സർക്കാർ നാമനിർദേശം ചെയ്ത ആറുപേരിൽ മൂന്നുപേർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. ഇവർ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകരാണെന്നും അവരുടെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റ പോലുമോ പരിശോധിക്കാതെ ഉന്നത വിദ്യാഭ്യാസമന്ത്രി നേരിട്ട് നാമനിർദേശം ചെയ്തതെന്നുമാണ് ആക്ഷേപം. പൂർണസമയ രാഷ്ട്രീയ പ്രവർത്തകരായ ജെ.എസ്. ഷിജു ഖാൻ, അഡ്വ. ജി. മുരളീധരൻ പിള്ള, ആർ. രാജേഷ് എം.എൽ.എ. എന്നിവരെയാണ് നാമനിർദേശം ചെയ്തത്.
സർവകലാശാല നിയമപ്രകാരം സിൻഡിക്കേറ്റിലേക്ക് ആറ് വിദ്യാഭ്യാസ വിചക്ഷണരെ സർക്കാരിന് നാമനിർദേശം ചെയ്യാവുന്നതാണ്. പ്രസ്തുത വകുപ്പ് പ്രകാരം സിൻഡിക്കേറ്റ് മൂന്നു സർവകലാശാല പ്രൊഫസർമാരോടൊപ്പമാണ് പൂർണസമയ രാഷ്ട്രീയ പ്രവർത്തകരായ മൂന്നുപേരെ നാമനിർദേശം ചെയ്തിരിക്കുന്നത്
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം ഇവർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 51 ക്രിമിനൽ കേസുകളിൽ ഇപ്പോഴും പ്രതികളാണ്. ഇവരുടെ യോഗ്യതകൾ സംബന്ധിച്ച ബിയോഡേറ്റകൾ ലഭ്യമല്ലെന്നും മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നാമനിർദേശം ചെയ്തതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.
സർവകലാശാല നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ചു നടത്തിയിട്ടുള്ള മൂന്നുപേരുടെ നാമനിർദേശങ്ങൾ പിൻവലിക്കണമെന്നും പകരം ആക്കാദമിക് വിദഗ്ധരെ സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്യണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി

