ഇടുക്കി: മറയൂരിൽ നടന്ന ചന്ദന ലേലത്തിൽ ഒൻപത് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങൾ പങ്കെടുത്തു. കർണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടൺ ചന്ദനമാണ് കർണാടക സോപ്‌സ് വാങ്ങിയത്.2023 വർഷത്തെ രണ്ടാം മറയൂർ ചന്ദന ലേലം രണ്ട് ദിവസങ്ങളിലായി നാല് ഘട്ടമായാണ് നടത്തിയത്. 15 ക്ലാസുകളിലായി 169 ലോട്ടുകളിൽ 68.632 ടൺ ചന്ദനം ഇത്തവണ ലേലത്തിൽ വെച്ചു. ഇതിൽ 30467.25 കിലോഗ്രാം ചന്ദനം വിറ്റു. ആദ്യ ദിവസം 28.96 കോടി രൂപയുടെയും രണ്ടാം ദിനം 8.26 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്.
2023 മാർച്ചിൽ നടന്ന ആദ്യ ഘട്ട ലേലത്തിൽ 31 കോടി രൂപയുടെ ചന്ദനം വിറ്റുപോയിരുന്നു. ഇത്തവണ ഓൺലൈൻ ലേലത്തിൽ കർണാടക സോപ്‌സ്, ഔഷധി, ജയ്പൂർ സിഎംടി ആർട്‌സ് ഇന്ത്യാ ലിമിറ്റഡ്, ജയ്പൂർ ക്ലൗഡ്, കെഫ്ഡിസി, കൊച്ചിൻ ദേവസ്വം, തിരുനാവായ് ക്ഷേത്രം, കളരിക്കൽ ഭഗവതി ദേവസ്വം, വൈക്കം നെടുംപറമ്പിൽ ശ്രീ ദുർഗാദേവി ക്ഷേത്രം ദേവസ്വം എന്നീ സ്ഥാപനങ്ങൾ പങ്കെടുത്തു.
ക്ലാസ് ആറിൽ പെടുന്ന ബഗ്രദാദ് ചന്ദനവും ക്ലാസ് പത്തിൽ പെടുന്ന ജെയ്‌പൊഗൽ ചന്ദനവും എട്ട് ടണിലധികം വീതം ലേലത്തിൽ എത്തിച്ചു. ഗാട്ട് ബഡ്‌ല വിഭാഗം 4.4 ടണിലധികവും പഞ്ചം മൂന്ന് ടണിലധികവും ചന്ദന വേരുകൾ 3.6 ടണിലധികവും ലേലത്തിൽ വെച്ചിരുന്നു. ചൈന ബുദ്ധ 500 കിലോയും ഗോഡ്‌ല 258 കിലോയുമാണ് ഉണ്ടായിരുന്നത്. 15711 രൂപ ശരാശരി വില ലഭിച്ച ഗോഡ്‌ല ഇനത്തിനാണ് ഉയർന്ന വില ലഭിച്ചത്.
വെള്ള ചന്ദന തടികൾ 15 ടണും ചിപ്‌സ് 17.5 ടണ്ണും മിക്‌സ്ഡ് ചിപ്‌സ് 6.3 ടണിലധികവും ലേലത്തിന് എത്തിച്ചു. ചന്ദനം ചെത്തുമ്പോൾ ലഭിക്കുന്ന വെളുത്ത ഭാഗമായ വെള്ള ചന്ദനത്തിന് 225 രൂപയാണ് കുറഞ്ഞ വില ലഭിച്ചത്. ചെറിയ സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കുമായി ചെറിയ അളവുകളിലെ ലോട്ടുകൾ ഉൾപ്പെടുത്തിയാണ് ഇത്തവണ ലേലം നടത്തിയത്.