നിപ: പരിശോധന ശക്തമാക്കികര്‍ണാടകയും തമിഴ്‌നാടും

ബംഗളൂരു: കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കി കര്‍ണാടക. അതിര്‍ത്തി ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ നിപ ബാധിത മേഖലകളിലേക്ക് അനാവശ്യമായി യാത്ര ചെയ്യരുതെന്ന് കര്‍ണാടക നിര്‍ദേശിച്ചിട്ടുണ്ട്. ചെക്‌പോസ്റ്റുകളില്‍ പ്രത്യേക പരിശോധന സംവിധാനം ഒരുക്കുമെന്നും അതിര്‍ത്തി കടന്നെത്തുന്നവരുടെ താപനില പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര്‍, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ നിപ സ്ഥിരീകരിച്ചതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് കേരള അതിര്‍ത്തിയില്‍ രോഗപ്രതിരോധ നടപടി ഏര്‍പ്പെടുത്തി. നാടുകാണിയിലെ ടോള്‍ ചെക്ക് പോസ്റ്റിന് സമീപമാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് 24 മണിക്കൂര്‍ പരിശോധന തുടങ്ങിയത്. നാടുകാണി ചുരം കയറിയെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് പനിയുള്ളവരെ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നല്‍കിയശേഷമാണ് കടത്തിവിടുന്നത്. കലശലായ പനിയുള്ളവരെ മടക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന നോട്ടീസ് തമിഴിലും മലയാളത്തിലും അച്ചടിച്ച് യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. ചെക്ക്‌പോസ്റ്റ് വഴിയെത്തുന്ന തദ്ദേശീയരെയും പരിശോധിക്കുന്നുണ്ട്. ശരീരോഷ്മാവ് കൂടുതലായി കണ്ടാല്‍ ഇവരെ നാടുകാണിയിലെ ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്.
കോഴിക്കോട് ഇന്ന് ഒരാള്‍ക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ നാല് പേരാണ് നിലവില്‍ നിപ ബാധിച്ച് ചികിത്സയിലുള്ളത്. രണ്ട് പേര്‍ നിപ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്കായി അയച്ച 11 സാമ്പിളുകള്‍ നെഗറ്റീവായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →