ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് യു.എസ് പോലീസ്; നടപടി വേണമെന്ന് ഇന്ത്യ

സാന്‍ഫ്രാന്‍സിസ്‌കോ: യു.എസില്‍ പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിക്കുകയും അപമാനകരമായ രീതിയില്‍ സംസാരിക്കുകയും ചെയ്ത പൊലീസ് ഓഫീസര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് പ്രതികരിക്കുന്ന പോലീസുകാരന്റെ വിഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇക്കാര്യത്തില്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണം പൊലീസ് കൈകാര്യം ചെയ്ത രീതി അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു.
2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കണ്ടുല, അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ കൊല്ലപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു 23കാരിയായ ജാഹ്നവി. സിയാറ്റില്‍ പോലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ജാഹ്നവി ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയാണ്.
ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയല്‍. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറയുന്നതാണ് ദൃശ്യം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സിയാറ്റില്‍ കമ്മ്യൂണിറ്റി പോലീസ് കമ്മീഷന്‍ (സിപിസി) പ്രസ്താവന പുറത്തിറക്കി. ആ സംഭാഷണം ഹൃദയഭേദകവും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസില്‍ നിന്ന് ഇതല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സിപിസി പ്രസ്താവനയില്‍ വിമര്‍ശിച്ചു. അതേസമയം അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് സിയാറ്റില്‍ പോലീസ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →