ലിബിയ വെള്ളപ്പൊക്കം:മരണം 20000 കടന്നേക്കും

ഡെര്‍ന നഗരത്തിന്റെ നാലില്‍ ഒന്ന് കടലിലേക്ക് ഒഴുകിപ്പോയി

ട്രിപ്പോളി: കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 20000 കടന്നേക്കുമെന്ന് ആശങ്ക. ഡെര്‍ന മേയര്‍ അബ്ദുള്‍മെനം അല്‍ഖെയ്തിയാണ് മരണസംഖ്യ 20000 ആയേക്കുമെന്നു പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയത്. പ്രളയത്തില്‍ 10000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്റ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെര്‍ന പട്ടണത്തിനടുത്തുള്ള രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
തീരദേശ നഗരമായ ഡെര്‍നയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. ജര്‍മ്മനി, റൊമാനിയ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ എത്തിച്ചത്. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കിയെന്ന് ഇയു ക്രൈസിസ് മാനേജ്മെന്റ് കമ്മീഷന്‍ ജാനസ് ലെനാര്‍സിക് പറഞ്ഞു.
ഡെര്‍നയില്‍ അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു.
ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →