കോഴിക്കോട്: കോഴിക്കോട് എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാൻ സർക്കാർ നിർദേശം . ഇതിനൊപ്പം തന്നെ വിവാഹം, റിസപ്ഷൻ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, കലാസാംസ്കാരിക കായിക മത്സരങ്ങൾ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങി പരിപാടികളിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകൾ മാത്രമാക്കി ചുരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തണമെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ഒത്തു ചേരുന്ന നാടകം ഉൾപ്പെടെ കലാസാംസ്കാരിക കായിക മത്സരങ്ങൾ മാറ്റി വെക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 7 പഞ്ചായത്തുകൾക്ക് പുറമയാണിത്. നിപബാധയെ തുടർന്ന് പുതിയ ചികിൽസാ മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. പനിയുള്ളവർ ഉടൻ തന്നെ ചികിൽസ തേടണം. ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സ മാർഗരേഖയിൽ പറയുന്നു.
മലപ്പുറത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലായതിനെ തുടർന്നാണ് മലപ്പുറത്തും ജാഗ്രത. സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലായത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെ വയനാട് മാനന്തവാടി പഴശ്ശി പാർക്കിലക്കുളള പ്രവേശനം നിർത്തിവച്ചു. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശമായതിനാലാണ് മാനന്തവാടി പഴശ്ശി പാർക്കിലക്കുളള പ്രവേശനം നിർത്തിവച്ചത്.

