ന്യൂ ഡൽഹി : ലാവലിൻ കേസ് സുപ്രിംകോടതി 2023 സെപ്തംബർ 12 ന് പരിഗണിക്കും. 34 തവണ മാറ്റിവച്ചതിനുശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ തത്ത എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുക. 26-ാം ഇനമായാണ് കോടതി കേസ് കേൾക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്താരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ ഹർജിയും വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജീനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ഇതുവരെ ആരും കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സാധാരണയായി കേസ് പരിഗണിക്കുന്നതിന് ഒരു ദിവസമെങ്കിലും മുൻപ് അപേക്ഷ നൽകാറുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറലിന് അസൗകര്യമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കേസ് മാറ്റി വയ്ക്കാൻ അപേക്ഷിച്ചിരുന്നത്.

