ന്യൂഡല്‍ഹി: ഊര്‍ജ്ജം, ഡിജിറ്റലൈസേഷന്‍, നിക്ഷേപം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയും സൗദി അറേബ്യയും എട്ട് കരാറുകളില്‍ ഒപ്പുവച്ചു. സൗദി കിരീടാവകാശിയും സൗദി അറേബ്യന്‍ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകള്‍ ഒപ്പുവെച്ചത്. ജി 20 ഉച്ചകോടി വിജയകരമായി പൂര്‍ത്തിയാക്കിയതിന് കിരീടാവകാശി ഇന്ത്യയെ അഭിനന്ദിച്ചതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഔസാഫ് സഈദ് പറഞ്ഞു.വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് ഇരുപക്ഷവും പൂര്‍ണ പിന്തുണ നല്‍കിയതായി സഈദ് പറഞ്ഞു. ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാന് ഇന്ത്യയും സൗദി അറേബ്യയും സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉത്തേജകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിന് ടെക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താനും ഇന്ത്യയും സൗദി അറേബ്യയും സമ്മതിച്ചു.18-ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് സഊദി കിരീടാവകാശി ന്യൂഡല്‍ഹിയിലെത്തിയത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ ആചാരപരമായ സ്വീകരണം നല്‍കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ത്യയും സൗദിയും എട്ട് കരാറുകളില്‍ ഒപ്പുവെച്ചു
