ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ ഇന്ന് പുലര്‍ച്ചെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവാരം ജയിലിലെത്തിച്ചു. വിജയവാഡയിൽ നിന്ന് 200 കി മീ നീണ്ട യാത്രക്കൊടുവിലാണ് അദ്ദേഹത്തെ ഇവിടെയെത്തിച്ചത്. പുലര്‍ച്ചെ 1.20ഓടെ അദ്ദേഹത്തെ ജയിലിലെത്തിച്ചതായി ഈസ്റ്റ് ഗോദാവരി എസ് പി. പി ജഗദീശ് പറഞ്ഞു.
14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി സമയത്ത്, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്ന്, പ്രത്യേക മുറി അടക്കമുള്ള സൗകര്യങ്ങള്‍ ചന്ദ്രബാബു നായിഡുവിന് കോടതി അനുവദിച്ചിട്ടുണ്ട്. ഇസഡ് പ്ലസ് സുരക്ഷയുള്ളയാണ് 73കാരനായ നായിഡു. നായിഡുവിന്റെ മകനും ടി ഡി പി ജന.സെക്രട്ടറിയുമായ നാരാ ലോകേഷ് ജയില്‍ ഗേറ്റ് വരെ അനുഗമിച്ചിരുന്നു. നിരവധി ടി ഡി പി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു.
ഇന്നലെയാണ് നായിഡുവിനെ വിജയവാഡയിലെ അഴിമതിവിരുദ്ധ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 371 കോടിയുടെ നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ ശനിയാഴ്ച രാവിലെയാണ് ചന്ദ്രബാബുവിനെ ആന്ധ്രാ സി ഐ ഡി സംഘം അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് നായിഡുവിന് വേണ്ടി കോടതിയിൽ ഹാജരായത്. ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും.

