ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ വിട്ടുനല്‍കില്ലെന്ന് ബെംഗളൂരു എഫ്‌സി ശഠിച്ചതോടെ മോഹന്‍ ബഗാന്‍ താരം ലിസ്റ്റണ്‍ കൊളാസോയെ സീനിയര്‍ താരമായി ടീമില്‍ ഉള്‍പ്പെടുത്താന്‍ എ.ഐ.എഫ്.എഫ് തീരുമാനിച്ചു. ബെംഗളൂരു എഫ്.സിയുടെ രണ്ടാം ഗോള്‍കീപ്പര്‍ക്കും മൂന്നാം ഗോള്‍ കീപ്പര്‍ക്കും പരുക്കേറ്റതിനാലാണ് ഗുര്‍പ്രീതിനെ ഏഷ്യന്‍ ഗെയിംസിന് വിട്ടുനല്‍കാന്‍ പറ്റില്ലെന്ന് ബെംഗളൂരു എഫ്സി അറിയിച്ചത്.
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസും ഐ.എസ്.എല്‍ ആരംഭിക്കുന്നതും ഒരേ സമയത്താണ്. അതുകൊണ്ടുതന്നെ ഐ.എസ്.എല്‍ ക്ലബുകള്‍ ദേശീയ ടീമിലേക്ക് താരങ്ങളെ റിലീസ് ചെയ്യാന്‍ തയ്യാറാകുന്നില്ല.
നേരത്തെ തന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ടീമില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എ.ഐ.എഫ്.എഫ്. ഒരു ക്ലബില്‍ നിന്ന് പരമാവധി രണ്ടു പേരെ മാത്രമെ ടീമില്‍ ഉള്‍പ്പെടുത്താവൂ എന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അവര്‍.
23 വയസിനു മുകളിലുള്ള മൂന്ന് കളിക്കാരെ മാത്രമേ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ടീമില്‍ ഉള്‍പ്പെടുത്താനാകൂ. ഗുര്‍പ്രീത് സിങ് സന്ധു, സുനില്‍ ഛേത്രി, സന്ദേശ് ജിങ്കന്‍ എന്നിവരായിരുന്നു സ്‌ക്വാഡില്‍ ഇടം പിടിച്ച സീനിയര്‍ താരങ്ങള്‍. അതില്‍ ഗുര്‍പ്രീതിനു പകരം ഇനി ലിസ്റ്റണ്‍ കളിക്കും.
സെപ്തംബര്‍ 19-നാണ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത് സെപ്റ്റംബര്‍ 21നും.
ഏഷ്യന്‍ ഗെയിംസ്:ഗുര്‍പ്രീതിനു പകരംലിസ്റ്റണ്‍ കൊളാസോ
