താനൂർ കസ്റ്റഡിമരണം: മുൻകൂർ ജാമ്യംതേടി പോലീസുകാർ

മഞ്ചേരി : താനൂർ കസ്റ്റഡിമരണക്കേസിൽ പ്രതികളായ പോലീസുദ്യോഗസ്ഥർ മഞ്ചേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഒന്നുമുതൽ നാലുവരെ പ്രതികളായ താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ്, പരപ്പനങ്ങാടിയിലെ സിവിൽ പോലീസ് ഓഫീസർ ആൽബിൻ അഗസ്റ്റിൻ, കൽപ്പകഞ്ചേരിയിലെ അഭിമന്യു, തിരൂരങ്ങാടിയിലെ വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കോടതി 13-ന് ഇത് പരിഗണിക്കും.

ലഹരിക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി മമ്പുറം മാളിയേക്കൽ താമിർ ജിഫ്രി (30) ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കു കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിൽ (ഡാൻസാഫ്) ഉൾപ്പെട്ട പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാഥമിക പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു. കേസിലെ രണ്ടും നാലും പ്രതികളായ ആൽബിൻ അഗസ്റ്റിനും വിപിനും വിദേശത്തേക്കു കടന്നതായി താമിറിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്. കേസിൽ സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →