കണ്ണീരണിഞ്ഞ് അഫ്ഗാന്‍

കാന്‍ഡി: ഹോ…വേദനാജനകം… വീരോചിതം പേരാടിയിട്ടും അഫ്ഗാനിസ്ഥാന്‍ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിന്റെ പടിവാതിലില്‍ വീണു.
ലക്ഷ്യം കൈവിട്ടുപോകുന്നത് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് റാഷിദ് ഖാനു നോക്കിനില്‍ക്കേണ്ടിവന്നു.
അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ കടക്കാന്‍ ശ്രീലങ്ക മുന്നോട്ടുവച്ച 292 റണ്‍സ് വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നത് 37.1 ഓവറില്‍. ആദ്യന്തം പൊരുതിയ അവര്‍ ശ്രീലങ്ക പോലൊരു പരിചയസമ്പന്നരായ ബോളിംഗ് യൂണിറ്റിനു മുന്നില്‍ ലക്ഷ്യത്തിനു തൊട്ടടുത്തെത്തിയതാണ്. എന്നാല്‍ അവസാന നിമിഷം ഭാഗ്യം അവര്‍ക്കൊപ്പം നിന്നില്ല. മൂന്നു ബോളില്‍ 11 റണ്‍സ് വേണ്ടപ്പോള്‍ രണ്ടു ഫോര്‍ പറത്തി റാഷിദ് ഖാന്‍ പ്രതീക്ഷ നല്‍കിയതാണ്. പക്ഷെ ഓവര്‍ കഴിഞ്ഞതിനാല്‍ റാഷിദ് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെത്തി. ഒരു ബോളില്‍ മൂന്നു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ പന്ത് നേരിട്ട മുജീബുര്‍ റഹ്മാന്‍ ഉയര്‍ത്തിയടിച്ച പന്ത് ലോംഗ് ഓണ്‍ ഫീല്‍ഡറുടെ കൈകളിലെത്തി.
എന്നാല്‍ പിന്നെയും അഫ്ഗാനു ചാന്‍സ് ബാക്കിയായിരുന്നു. 37.4 ഓവറില്‍ 295 റണ്‍സിലെത്തിയാലും യോഗ്യത ഉറപ്പ്. അതായത് മൂന്നു ബോളില്‍ ആറു റണ്‍സ്. എന്നാല്‍ ഇക്കാര്യം ക്രീസിലുള്ള ബാറ്റര്‍മാര്‍ക്കോ ടീം മാനേജ്‌മെന്റിനോ അറിയാമായിരുന്നില്ല എന്നു വ്യക്തം. കളി കൈവിട്ടുപോയെന്ന ദുഖത്തില്‍ അവസാന ബാറ്ററായ ഫസല്‍ഹക്കിന് ആദ്യ രണ്ടു ബോളുകളില്‍ റണ്ണെടുത്ത് റാഷിദ് ഖാനെ സ്‌ട്രൈക്ക് നല്‍കാനായില്ല. ഒരു പന്തില്‍ സിക്‌സര്‍ വേണമെന്നിരിക്കെ ഫസല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായതോടെ ശ്രീലങ്കയ്ക്ക് പ്രതീക്ഷിക്കാത്ത രണ്ടു റണ്‍ വിജയം. ഗ്രൂപ്പില്‍നിന്ന് ശ്രീലങ്കയ്‌ക്കൊപ്പം ശ്വാസം നേരെ വീണ ബംഗ്ലാദേശും സൂപ്പര്‍ ഫോറില്‍. റാഷിദ് ഖാന്‍ 16 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ മുഹമ്മദ് നബിയുടെയും (32 പന്തില്‍ 65) കരീം ജനാതിന്റെയും നജീബുള്ള സര്‍ദാന്റെയും വെടിക്കെട്ടിലാണ് അഫ്ഗാന്‍ കുതിച്ചത്. ഒരറ്റത്ത് നങ്കൂരമിട്ട ഹംസത്തുള്ള ഷാഹിദി 66 പന്തില്‍ 59 റണ്‍സടിച്ചു. വെല്ലാലഗേ 32-ാം ഓവറില്‍ ഹംസത്തുള്ളയെയും കരീം ജാനതിനെയും പുറത്താക്കിയതോടെയാണ് ശ്രീലങ്ക കളിയിലേക്ക് തിരിച്ചുവന്നത്. റാഷിദ് ഖാന്‍ വീണ്ടും കളി അഫ്ഗാന് അനുകൂലമാക്കിയെങ്കിലും അാവസാനം ലങ്ക ജയിച്ചുകയറി. കൂടെ ബംഗ്ലാദേശും.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക
കുശാല്‍ മെന്‍ഡിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തിലാണ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയത്. മെന്‍ഡിസ് 84 പന്തില്‍ 92 റണ്‍സടിച്ചു.
പതും നിസ്സങ്ക(41), ദിമുത് കരുണാരത്‌നെ(41), ചരിത് അസലങ്ക(36), ദുനിത് വെല്ലാലഗേ(33*), മഹീഷ് തീക്ഷണ(24) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.
അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബ് നാലു വിക്കറ്റും റഷീദ് ഖാന്‍ 2 വിക്കറ്റും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →