ശശികലയ്ക്കെതിരെജാമ്യമില്ലാ വാറന്റ്

ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ ശശികലയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ജയിലില്‍ വിഐപി പരിഗണനയെന്ന കേസില്‍ വാദം കേള്‍ക്കാന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത പ്രത്യേക കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
2017ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയ്ക്ക് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകാവകാശങ്ങളും പ്രത്യേക പരിഗണനകളും ലഭിക്കുന്നതിന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായാണു കേസ്. മറ്റൊരു പ്രതിയായ ശശികലയുടെ ഭര്‍തൃസഹോദരി ഇളവരശിക്കെതിരെയും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ശശികലയ്ക്ക് വി.ഐ.പി പരിഗണന ലഭിച്ചിരുന്നെന്നും ഇതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് കോടി രൂപ നല്‍കിയതായാണ് ആക്ഷേപം.
ശശികലക്ക് പ്രത്യേക പരിഗണന നല്‍കിയെന്നാരോപിച്ച് 2018ല്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രത്യേക പരിഗണന നല്‍കിയ കേസില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനാണ് അന്വേഷണം ആവശ്യപ്പെട്ടത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിനയ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല അന്വേഷണത്തില്‍ ശശികലക്ക് പ്രത്യേക പരിഗണന നല്‍കുന്നതില്‍ മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും രേഖകളില്‍ കൃത്രിമം നടന്നതായും കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →