ന്യൂഡല്‍ഹി: ഇന്ത്യ-ഭാരത് തര്‍ക്കം നിലനില്‍ക്കെ ജി-20 സമ്മേളനത്തിനുള്ള ലഘുലേഖകളില്‍ ഇന്ത്യക്ക് പകരം ‘ഭാരത്’ എന്നെഴുതി കേന്ദ്രസര്‍ക്കാര്‍. ഭാരത് രാജ്യത്തിന്റെ ഔദ്യോഗിക നാമമാണെന്നു ലഘുലേഖകളിലൊന്നില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിശിഷ്ടവ്യക്തികള്‍ക്ക് കൈമാറുന്ന ലഘുലേഖകളിലാണ് സര്‍ക്കാരിന്റെ പേരുമാറ്റം. രാജ്യത്തിന്റെ 6000 ബി.സി.ഇ മുതലുള്ള ചരിത്രമാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഭാരത്, ദി മദര്‍ ഓഫ് ഡമോക്രസി’, ‘ഇലക്ഷന്‍സ് ഇന്‍ ഇന്ത്യ’ എന്നീ രണ്ട് ലഘുലേഖകളാണ് പുറത്തിറക്കിയിരിക്കുന്നത്.
രാമായണം, മഹാഭാരതം, ഛാത്രപതി ശിവാജിയുടെ ആഖ്യാനങ്ങള്‍, അക്ബര്‍, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ച തുടങ്ങിവയാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായാണ് ആദ്യ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന സിന്ധുനദീതട സംസ്‌കാരത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന ‘നൃത്തം ചെയ്യുന്ന പെണ്‍കുട്ടി’ (ഡാന്‍സിങ് ഗേള്‍) എന്ന വെങ്കലപ്രതിമയാണ് ഇത് അവതരിപ്പിക്കുന്നത്. ആത്മവിശ്വാസത്തിന്റെ അടയാളമായാണ് പ്രതിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. പുരാതന വേദങ്ങളെക്കുറിച്ചും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രാമായണത്തില്‍ രാമനെ രാജാവായി പിതാവ് തെരഞ്ഞെടുത്തത് മന്ത്രിമാരുടെ സമിതി നല്‍കിയ അനുമതിക്കു പിന്നാലെയാണ്. മഹാഭാരതത്തില്‍ മരണക്കിടക്കയില്‍ വെച്ച് ഭീഷ്മര്‍ യുധിഷ്ഠിരന് പറഞ്ഞുകൊടുത്തത് സദ്ഭരണത്തിന്റെ പാഠങ്ങളാണെന്നും പുസ്തകത്തില്‍ പറയുന്നു. ബുദ്ധിസം, ഛാത്രപതി ശിവജി മഹാരാജ്, ചന്ദ്രഗുപ്ത മൗര്യ തുടങ്ങിയവരെയും ആദ്യ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ വന്ന മാറ്റങ്ങളും, ജനങ്ങളുടെ പങ്കാളിത്തത്തില്‍ വന്ന മാറ്റവുമാണ് രണ്ടാം ലഘുലേഖയിലുള്ളത്.
ജി-20 ലഘുലേഖകളില്‍ഇന്ത്യക്ക് പകരം ‘ഭാരത്’
