കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പുന്നക്കുന്ന് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സബ്ജിത്ത് ബാബുരാജ് (27), മാടപ്പള്ളി വഴിപടി ഭാഗത്ത് ഓവേലിൽ വീട്ടിൽ ബിബിൻ ആന്റണി (26) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഓഗസ്റ്റ് 29 ആം തീയതി രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വഴിയിൽ നിന്നിരുന്ന യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് കമ്പിവടിയും, മറ്റുമായി ഇവരെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജിബിൻ ജോസഫ്, അഖിൽ ലാലിച്ചൻ എന്നിവരെ കഴിഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇവര്‍ ഇരുവരും കൂടി പോലീസിന്റെ പിടിയിലാവുന്നത്.
സബ്ജിത്തിനും, ബിബിൻ ആന്റണിക്കും തൃക്കൊടിത്താനം,കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാര്‍, എസ്.ഐ നജീബ്, ബൈജു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.