കൊച്ചി: വലിയ മാറ്റത്തിന് തയ്യാറെടുക്കുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് മാറ്റത്തിന്റെ മാര്‍ഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ ഏഷ്യ ഇന്ത്യയെ ഗള്‍ഫിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും അന്താരാഷ്ട്രാ വിമാനസര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ലയിപ്പിക്കുന്നതുവഴി വലിയ വളര്‍ച്ചയ്ക്കാണു വഴിയൊരുങ്ങുന്നത്. ഇതിനായുളള മാറ്റത്തിന്റെ മാര്‍ഗരേഖയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ അലോക്‌സിങ്ങ് പങ്കുവച്ചത്. അഞ്ചുവര്‍ഷത്തിനുളളില്‍ സമഗ്രനവീകരണവും പരിവര്‍ത്തനവും ലക്ഷ്യമിട്ട് നേരത്തെ എയര്‍ ഇന്ത്യ അവതരിപ്പിച്ച വിഹാന്‍ ഡോട്ട് എഐ എന്ന പദ്ധതിയുടെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസും മാറുന്നത്. എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ദേശീയ സ്ഥാപനമെന്ന നിലയില്‍നിന്ന് ദേശീയ പ്രചോദനം എന്ന നിലയിലേക്കു മാറ്റിയെടുക്കുകയാണ് മാര്‍ഗരേഖയുടെ ലക്ഷ്യം.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കും എയര്‍ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് സംയോജിത വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നതിനുളള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. ഇരു കമ്പനികളുടേയും കസ്റ്റമര്‍ കെയര്‍ സേവനങ്ങളും സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളും പൊതുവായി മാറികഴിഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഗൊര്‍മേര്‍ എന്ന് പേരിട്ടിരിക്കുന്ന വിഭവസമൃദ്ധമായ ഇന്‍-ഫ്‌ളൈറ്റ് മെനു ഇരു സര്‍വ്വീസുകളിലും നടപ്പിലായി. ഇഷ്ടപ്പെട്ട സീറ്റുകള്‍ മുമ്പേ തിരഞ്ഞെടുക്കാനുളള എക്‌സ്പ്രസ്-പ്രൈം, ക്യൂ ഒഴിവാക്കാനും പ്രത്യേക പരിഗണന ഉറപ്പുവരുത്താനുമുളള എക്‌സ്പ്രസ് എഹെഡ് പ്രയോറിറ്റി സേവനങ്ങള്‍ ഇരുകമ്പനികളും ആരംഭിച്ചു.

